ന്യൂഡല്‍ഹി: കേരള ഫിഷറീസ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഹര്‍ജിയുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. മുന്‍ അറ്റോര്‍ണ്ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ നിയമോപദേശ പ്രകാരമാണ് സര്‍ക്കാര്‍ നീക്കം.
കുഫോസ് വിസി തെരഞ്ഞെടുപ്പിന് യുജിസി ചട്ടങ്ങള്‍ ബാധകമല്ല. സംസ്ഥാന നിയമസഭ പാസാക്കിയ നിയമമാണ് പ്രധാനമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയുടെ ഏഴാം പട്ടികയിലെ ലിസ്റ്റ് രണ്ട് പ്രകാരം കാര്‍ഷിക വിദ്യാഭ്യാസവും, ഗവേഷണവും സംസ്ഥാന വിഷയമായതിനാല്‍ ഫിഷറീസ് സര്‍വകാലാശാലക്ക് യുജിസി ചട്ടം ബാധകമല്ല. 2010 ല്‍ സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തിലും കുഫോസ് വിസി നിയമനത്തെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഒരു നിയമവും പാര്‍ലമെന്റ് പാസാക്കിയിട്ടില്ല’- ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
അതേസമയം, കുഫോസ് വിസി ആയി ഡോ. കെ. റിജി ജോണിനെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന് ആരോപിച്ച് വിസി നിയമന പട്ടികയില്‍ ഉണ്ടായിരുന്ന എറണാകുളം സ്വദേശി ഡോ. കെ. കെ വിജയനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരു സര്‍വകലാശാലയില്‍ പ്രൊഫസറായി പത്തു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ റിജി ജോണിന് മതിയായ യോഗ്യതയില്ലെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം.

