ഇപി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം; സിപിഎം കേന്ദ്ര നേതൃത്വം വിവരം തേടി

ന്യൂഡൽഹി: എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ ഇടപെടലുമായി സിപിഎം കേന്ദ്ര നേതൃത്വം. വിഷയത്തിൽ സിപിഎം കേന്ദ്ര നേതൃത്വം വിവരം തേടി. മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ സംസ്ഥാന ഘടകം ഉന്നയിച്ചാൽ വിഷയം ചർച്ച ചെയ്യുമെന്നാണ് വിവരം.

ത്രിപുര തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾക്കാണ് പോളിറ്റ് ബ്യൂറോ യോഗം ചേരുന്നത്. കേന്ദ്രകമ്മിറ്റി അംഗമായതിനാൽ ഇപി ജയരാജനെതിരെ അന്വേഷണത്തിന് പൊളിറ്റ് ബ്യൂറോയുടെ അനുമതി വേണമെന്നും നേതാക്കൾ സൂചിപ്പിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനോടാണ് കേന്ദ്ര നേതൃത്വം വിവരം തേടിയത്. സംസ്ഥാന ഘടകം ഉന്നയിച്ചാൽ പിബിയിൽ വിഷയം ചർച്ചയായേക്കാനിടയുണ്ട്. ഇപി ജയരാജനെതിരായ പരാതിയിൽ പാർട്ടി അന്വേഷണത്തിനും സാധ്യതയുണ്ട്. ആരോപണമുന്നയിച്ച പി ജയരാജൻ രേഖാമൂലം പരാതി നൽകിയാൽ അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ഇ പി ജയരാജനെതിരെ ഗുരുതര ആരോപണമാണ് കഴിഞ്ഞ ദിവസം പി ജയരാജൻ ഉന്നയിച്ചത്. ഇ പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു ആരോപണം. കണ്ണൂരിലെ ആയൂർവേദ റിസോർട്ടിന്റെ പേരിലാണ് ഇ പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയതെന്നാണ് പി ജയരാൻ പറയുന്നത്. ഇ പി ജയരാജനെതിരെ അന്വേഷണവും നടപടിയും വേണമെന്ന് പി ജയരാൻ സംസ്ഥാന കമ്മിറ്റിയിൽ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. റിസോർട്ടിന്റെ ഡയറക്ടർമാർ ഇ പി ജയരാജന്റെ ഭാര്യയും മകനുമാണ്. ആരോപണം ഉന്നയിക്കുന്നത് ആധികാരികതയോടെയാണെന്നും പി ജയരാജൻ വ്യക്തമാക്കിയിരുന്നു.