നാടിന്റെ സന്തോഷത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്; നശീകരണ വാസന കാണിക്കുന്നത് നാടിന് ഗുണകരമല്ലെന്നും മുഖ്യമന്ത്രി

തളിപ്പറമ്പ്: കേരളത്തിനു പുറത്ത് ചില സമൂഹങ്ങള്‍ ഭീതിയില്‍ കഴിയുമ്പോള്‍ ഇവിടെ അത്തരം സാഹചര്യങ്ങള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍. തളിപ്പറമ്പ് നിയോജക മണ്ഡലം ഹാപ്പിനസ് ഫെസ്റ്റിന്റെ ഉദ്ഘാടനം ധര്‍മശാലയില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘സാമൂഹിക സുരക്ഷ ഉറപ്പ് വരുത്തുകയാണ് ഏറെ പ്രധാനം. നാട്ടില്‍ ആരോഗ്യപരമായ ചിന്തകള്‍ വളര്‍ന്ന് വരുമ്പോഴും നിഷേധാത്മകമായ നിലപാടുകളിലേക്ക് എത്തിക്കാനാണ് ഭൂരിപക്ഷം ആളുകള്‍ക്കും താല്‍പര്യം. നല്ല കാര്യങ്ങള്‍ വരുമ്പോള്‍ എതിരായി ചിന്തിക്കുകയും ഇത് തങ്ങളുടെ ബാധ്യതയാണെന്നു കരുതുന്ന ചിലരുണ്ട്. വിഴിഞ്ഞം പ്രശ്‌നത്തിലും ഇത്തരത്തിലുള്ള ചില ചെറിയ ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ എല്ലാംകൂടി ഒത്തു ചേര്‍ന്നിരിക്കുന്നു. ഏത് നല്ല കാര്യത്തിനും എതിരായി നില്‍ക്കുന്ന സമീപനമാണിതു കാണിക്കുന്നത്. വിഴിഞ്ഞം പോലെയുള്ള സമരങ്ങള്‍ എടുത്ത നിലപാടുകളില്‍ മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണം. പാവപ്പെട്ടവരുടെ മനസ്സില്‍ സംഘര്‍ഷം സൃഷിടിക്കാന്‍ ശ്രമിക്കുകയാണ് ചിലര്‍ ചെയ്യുന്നത്. നാട് സന്തോഷത്തില്‍ മുന്നോട്ട് പോകുമ്പോള്‍ അതിനെ തകര്‍ത്ത് ജനമനസ്സുകളില്‍ അനാവശ്യ വികാരങ്ങള്‍ സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇത് നമ്മുടെ നാട്ടില്‍ മാത്രം കാണുന്ന പ്രത്യേകതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ സന്തോഷത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. നശീകരണ വാസന കാണിക്കുന്നത് നാടിന് ഗുണകരമല്ലെന്നും നിഷേധാത്മക പ്രവര്‍ത്തനങ്ങള്‍ ഇല്ലെങ്കില്‍ നമ്മള്‍ക്ക് ഏത്രയോ കാതം മുന്‍പോട്ട് പോകാന്‍ സാധിക്കുമായിരുന്നു’- അദ്ദേഹം പറഞ്ഞു.

അതേസമയം, ഹാപ്പിനസ് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് 6.30ന് നടക്കുന്ന ബോഡി ബില്‍ഡിങ് ഷോ സിനിമാതാരം അബുസലീം ഉദ്ഘാടനം ചെയ്യും. 7ന് നടക്കുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ എം.വി.ഗോവിന്ദന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. 8ന് ഊരാളി ബാന്‍ഡിന്റെ ആട്ടവും പാട്ടവും പരിപാടി അരങ്ങേറും.ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയ സ്റ്റാളുകളുടെ ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു.