തിരുവനന്തപുരം: രാജ്ഭവനിൽ ഇ-ഓഫിസ് സംവിധാനവും കേന്ദ്രീകൃത നെറ്റ്‌വർക്കിങ് സംവിധാനവും ഒരുക്കാൻ 75 ലക്ഷം രൂപ അനുവദിച്ച് ഉത്തരവ് പുറത്തിറക്കി സംസ്ഥാന സർക്കാർ. സർവ്വകലാശാല വിഷയത്തിൽ ഉൾപ്പെടെ ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് സർക്കാർ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
നേരത്തെ ഇതിനായി ധനവകുപ്പ് 75 ലക്ഷം അനുവദിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിന്റെ പരിശോധനയ്ക്ക് ശേഷം ഇപ്പോഴാണ് ഉത്തരവ് പുറത്തിറക്കുന്നത്.
ബജറ്റിൽ തുക പ്രഖ്യാപിച്ചിരുന്നെങ്കിലും സാമ്പത്തിക നിയന്ത്രണങ്ങളെ തുടർന്ന് രാജ്ഭവനിലെ ഇ-ഓഫിസ് സംവിധാനത്തിന് തുക അനുവദിച്ചിരുന്നില്ല. തുക അനുവദിക്കണം എന്നാവശ്യപ്പെട്ട് സെപ്തംബർ 2ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിന് കത്ത് നൽകിയിരുന്നു. ഒക്ടോബർ 27ന് ധനവകുപ്പ് അനുകൂല നിലപാടെടുത്ത് ഫയൽ മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. തുടർന്നാണ് സർക്കാർ ഉത്തരവിറക്കിയത്.

