ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്ന് മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ. ഡൽഹിയിൽ വെച്ചാണ് കമൽ ഹാസൻ ഭാരത് ജോഡോ യാത്രയുടെ ഭാഗമായത്. ഐടിഒ മുതൽ ചെങ്കോട്ട വരെയുള്ള മൂന്നര കിലോമീറ്റർ ദൂരം അദ്ദേഹം രാഹുലിനൊപ്പം സഞ്ചരിച്ചു. മക്കൾ നീതി മയ്യം നേതാക്കളും കമലിനൊപ്പം യാത്രയിൽ അണിചേർന്നിരുന്നു.
ചെങ്കോട്ടയിൽ നടന്ന പൊതുയോഗത്തെയും കമൽ ഹാസൻ അഭിസംബോധന ചെയ്തു. കമൽഹാസൻ ജോഡോ യാത്രയിൽ പങ്കെടുക്കുന്നത് രാഹുൽ ഗാന്ധിയുടെ ക്ഷണം സ്വീകരിച്ചാണെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്നാട്ടിൽ കോൺഗ്രസ്-ഡിഎംകെ സഖ്യവുമായി കൈകോർക്കാൻ കമൽഹാസൻ നീക്കങ്ങൾ നടത്തുന്നുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് കമൽ ഹാസൻ ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്നത്.
ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നത് ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനാണെന്ന് മക്കൾ നീതി മയ്യം വൈസ് പ്രസിഡന്റ് എ ജി മൗര്യ നേരത്തെ പറഞ്ഞിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

