‘പിണറായി വിജയന്റെ കേരളത്തില്‍ ദളിത്-പിന്നാക്ക വിഭാഗക്കാര്‍ക്ക് ആത്മാഭിമാനത്തോടെ ജീവിക്കാന്‍ സാധിക്കുന്നില്ല’: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനം കേരളത്തിന് അപമാനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.

സുരേന്ദ്രന്റെ വാക്കുകള്‍

‘ഡയറക്ടറുടെ ജാതിവിവേചനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ഗൗരവതരമാണ്. പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം നടന്നപ്പോള്‍ ഇവിടെ കോലാഹലമുണ്ടാക്കിയവരെല്ലാം ഇപ്പോള്‍ മൗനവ്രതത്തിലാണ്. വിദ്യാര്‍ത്ഥികളും സ്ഥാപനത്തിലെ ജീവനക്കാരും ഡയറക്ടര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഡയറക്ടറുടെ വീട്ടിലെ ടോയിലറ്റ് കഴുകാന്‍ വരെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വനിതാ ജീവനക്കാരെ നിയോഗിച്ചെന്നത് ഞെട്ടിക്കുന്നതാണ്. വനിതാ ജീവനക്കാര്‍ കുളിച്ചു വസ്ത്രം മാറിയ ശേഷമേ തന്റെ വീട്ടില്‍ കയറാവൂ എന്ന് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചെന്ന പരാതി ഉയര്‍ന്നിട്ടും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒരു നടപടിയുമെടുക്കാത്തത് പ്രതിഷേധാര്‍ഹമാണ്. കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇതിന് മുമ്ബും ജാതിവിവേചനവും ദളിത് വിവേചനവും ഉണ്ടായിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഇത്രയും ഗുരുതരമായ വിഷയമുണ്ടായിട്ടും കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തത് നിയമവിരുദ്ധമാണ്. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ളത്. അഴിമതിയും സ്വജനപക്ഷപാതവും രാഷ്ട്രീയവല്‍ക്കരണവും കടുത്ത ജാതീയതയുമാണ് മികവിന്റെ കേന്ദ്രങ്ങളില്‍ നടമാടുന്നത്. പിണറായി വിജയന്റെ കേരളത്തില്‍ ദളിത്- പിന്നാക്ക വിഭാഗക്കാര്‍ക്ക് ആത്മാഭിമാനത്തോടെ ജീവിക്കാന്‍ സാധിക്കുന്നില്ല.’