ചെന്നൈ: വിദേശത്തെ ചികിത്സയെന്ന ഡോക്ടർമാരുടെ നിർദ്ദേശം തള്ളിയത് ജയലളിതയെന്ന വെളിപ്പെടുത്തലുമായി തോഴി വി കെ ശശികല. ജയലളിതയുടെ മരണത്തിൽ ദുരൂഹതയെന്ന ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷൻ റിപ്പോർട്ട് വന്നതിനെ കുറിച്ചാണ് ജയലളിത പ്രതികരിച്ചത്. 2016ൽ ജയലളിത ചെന്നൈയിലെ ആശുപത്രിയിൽ രോഗാവസ്ഥയിലായിരുന്നപ്പോൾ ജയലളിതയെ വിദേശത്ത് കൊണ്ട് പോയി മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ആവശ്യത്തിന് ജയലളിത വഴങ്ങിയില്ലെന്നാണ് ശശികലയുടെ വെളിപ്പെടുത്തൽ. ചെന്നൈ ഹാൾസ് റോഡിലുള്ള വൃദ്ധമന്ദിരത്തിലെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ശശികല ഇക്കാര്യം അറിയിച്ചത്.
വിദേശത്ത് പോയി ചികിത്സിക്കുന്നതിനെക്കുറിച്ച് വിദേശത്ത് നിന്നുള്ള ഡോക്ടർമാർ വ്യക്തിപരമായി ജയലളിതയോട് ചോദിച്ചിരുന്നു. എന്നാൽ ചെന്നൈ മെഡിക്കൽ ഹബ്ബാണെന്ന് ചൂണ്ടിക്കാണിച്ച് ഈ നിർദ്ദേശങ്ങളെല്ലാം ജയലളിത തള്ളി. മെഡിക്കൽ റിപ്പോർട്ട് സംബന്ധിച്ച് മറച്ചുവയ്ക്കാൻ ഒന്നുമുണ്ടായിരുന്നില്ല. ജയലളിതയുടെ രോഗം ഭേദമായി വരുന്നുമുണ്ടായിരുന്നു. എന്നാൽ പെട്ടന്ന് ഒരു ദിവസം ഹൃദയാഘാതമുണ്ടായി. ടിവി കണ്ടുകൊണ്ട് ഇരിക്കുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. തന്നെ ചികിത്സിച്ച ഡോക്ടർമാർക്ക് സ്വർണാഭരണങ്ങൾ സമ്മാനിക്കാൻ ജയലളിതയാണ് ഉത്തരവിട്ടതെന്നും ശശികല പറഞ്ഞു.
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ നേരത്തെ ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷൻ പുറത്തുവിട്ടിരുന്നു. ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ജയലളിതയും തോഴി ശശികലയും 2012 മുതൽ നല്ല ബന്ധത്തിലായിരുന്നില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.
2016 സെപ്തംബർ 22 ന് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമുള്ള കാര്യങ്ങൾ രഹസ്യമാക്കി വച്ചു. ഗുരുതര ഹൃദ്രോഗമുണ്ടായിരുന്ന ജയലളിതയ്ക്ക് അമേരിക്കയിലുള്ള ഡോക്ടർമാർ ആൻജിയോപ്ലാസ്റ്റിയോ ശസ്ത്രക്രിയയോ വേണമെന്ന് ശുപാർശ ചെയ്തിരുന്നെങ്കിലും നടത്തിയില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. എയിംസിലെ മെഡിക്കൽ സംഘം ചികിത്സാ കാലയളവിനിടെ ജയലളിത ചികിത്സയിലിരുന്ന അപ്പോളോ ആശുപത്രി സന്ദർശിച്ചെങ്കിലും ജയ്ലളിതയ്ക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
ജയലളിതയുടെ തോഴി ശശികല, ഡോ.ശിവകുമാർ, അന്നത്തെ ആരോഗ്യ സെക്രട്ടറി ഡോ ജെ രാധാകൃഷ്ണൻ, മുൻ ആരോഗ്യമന്ത്രി സി.വിജയ് ഭാസ്‌കർ തുടങ്ങിയവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും കമ്മീഷൻ നിർദ്ദേശം നൽകി. ഇവർ നാലു പേരും വിചാരണ നേരിടണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.

