സായുധ സേനയിലെ ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പരിഷ്‌ക്കരണത്തിന് അനുമതി

ന്യൂഡല്‍ഹി: രാജ്യത്ത് സായുധ സേനയിലെ ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പരിഷ്‌ക്കരണത്തിന് അനുമതി നല്‍കി കേന്ദ്ര മന്ത്രിസഭായോഗം. 2019 ജൂലൈ 1 മുതല്‍ മുന്‍കാല പ്രാബല്യം ഉണ്ടാകും. 25.13 ലക്ഷം വിമുക്ത ഭടന്മാര്‍ക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.

‘2018 ല്‍ വിരമിച്ചവരുടെ റാങ്കും സര്‍വീസും കണക്കാക്കിയാകും പെന്‍ഷന്‍ പുതുക്കി നിശ്ചയിക്കുക. കാലാവധിക്കു മുന്‍പു പിരിഞ്ഞവര്‍ക്കു കിട്ടില്ല. ശരാശരിക്കു മുകളില്‍ പെന്‍ഷന്‍ കിട്ടുന്നവര്‍ക്ക് ആ തുക നിലനിര്‍ത്തും. യുദ്ധത്തില്‍ മരിച്ച സൈനികരുടെ വിധവകള്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി. നാലര ലക്ഷത്തിലധികം പുതിയ ഗുണഭോക്താക്കളുണ്ട്. ഒരേ റാങ്കില്‍ ഒരേ സേവന ദൈര്‍ഘ്യത്തില്‍ വിരമിക്കുന്ന സായുധ സേനാംഗങ്ങള്‍ക്ക് ഏകീകൃത പെന്‍ഷന്‍ നല്‍കുന്നതാണ് പദ്ധതി. 2019 ജൂണ്‍ 30 വരെ വിരമിച്ച സായുധ സേനാംഗങ്ങള്‍ക്ക് പരിരക്ഷ ലഭിക്കും’- കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം, 2019 ജൂലൈ മുതല്‍ 2022 ജൂണ്‍ വരെയുള്ള 23,600 കോടിയിലധികം രൂപ 4 ഗഡുക്കളായി നല്‍കും. 31 ശതമാനം ക്ഷാമബത്ത ഉള്‍പ്പെടെ, പുതുക്കിയ വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ പ്രകാരം കേന്ദ്രസര്‍ക്കാരിന് പ്രതിവര്‍ഷം 8450 കോടി രൂപയുടെ അധികച്ചെലവ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. കുടുംബ പെന്‍ഷന്‍കാര്‍ക്ക് ഒറ്റ ഗഡുവായി നല്‍കും. പെന്‍ഷന്‍ നല്‍കാന്‍ പ്രതിവര്‍ഷം 19,316 കോടി രൂപയുടെ അധികച്ചെലവുണ്ടാകും. പുതുക്കിയ പദ്ധതി പ്രകാരം കുടിശികയായി ശിപായ് റാങ്കില്‍ 87,000 രൂപ, നായിക് 1.14 ലക്ഷം രൂപ, ഹവില്‍ദാര്‍ 70,000 രൂപ, നായിബ് സുബേദാര്‍ 1.08 ലക്ഷം, സുബേദാര്‍ മേജര്‍ 1.75 ലക്ഷം, മേജര്‍ 3.05 ലക്ഷം, ലെഫ് കേണല്‍ 4.55 ലക്ഷം, കേണല്‍ 4.42 ലക്ഷം, ബ്രിഗേഡിയര്‍ 5.05 ലക്ഷം, മേജര്‍ ജനറല്‍ 3.90 ലക്ഷം, ലെഫ്. ജനറല്‍ 4.32 ലക്ഷം രൂപ എന്നിങ്ങനെയാണ് ലഭിക്കുക.