കോവിഡ് പ്രതിരോധം: ചൈന ഉൾപ്പെടെ അഞ്ചു രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് ആർടിപിസിആർ പരിശോധന

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി കേന്ദ്ര സർക്കാർ. ചൈന ഉൾപ്പെടെ അഞ്ചു രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. തായ്‌ലാൻഡ്‌, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ് തുടങ്ങിയവയാണ് പരിശോധന നിർബന്ധമാക്കിയ മറ്റ് രാജ്യങ്ങൾ.

രോഗലക്ഷണങ്ങൾ ഉള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്റെയ്‌നിൽ പ്രവേശിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുക് മാണ്ഡവ്യ വ്യക്തമാക്കി. ഈ രാജ്യങ്ങളിൽനിന്നു വരുന്ന യാത്രക്കാർക്ക് എയർ സുവിധ രജിസ്‌ട്രേഷനും വീണ്ടും നിർബന്ധമാക്കിയിട്ടുണ്ട്.

അതേസമയം, രാജ്യാന്തര വിമാന സർവീസുകൾക്ക് നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. ചൊവ്വാഴ്ച്ച രാജ്യത്തെ എല്ലാ ആശുപത്രികളിലും കോവിഡ് സാഹചര്യം കൈകാര്യം ചെയ്യാനുള്ള പ്രത്യേക മോക്ഡ്രിൽ നടത്താൻ നേരത്തെ ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു.