ലഹരി ഉപയോഗവും വിൽപനയും തടയൽ; എല്ലാ പുതുവത്സര ഡിജെ പാർട്ടികളും പോലീസ് നിരീക്ഷിക്കും

തിരുവനന്തപുരം: രാജ്യാന്തര ലഹരിക്കടത്തുമായി ബന്ധപ്പെട്ട് നിർണായക വിവരം പുറത്ത്. സംഘങ്ങളുടെ തെക്കൻ റൂട്ടിൽ കേരളത്തിന്റെ സമുദ്രതീരവും ഉൾപ്പെടുന്നുവെന്ന വിവരമാണ് പുറത്തു വന്നിട്ടുള്ളത്. അതിനാൽ തന്നെ പുതുവത്സരത്തിൽ ഈ മേഖലയിൽ പ്രത്യേക ശ്രദ്ധ വേണമെന്നാണ് കേന്ദ്ര നർകോട്ടിക് കൺട്രോൾ ബ്യൂറോ നൽകിയിരിക്കുന്ന നിർദ്ദേശം.

കേരളത്തിൽ രാസലഹരി ഉപയോഗവും വിൽപനയും വർധിക്കുന്ന സാഹചര്യമാണുള്ളത്. ഇക്കാര്യം കണക്കിലെടുത്ത് എല്ലാ പുതുവത്സര ഡിജെ പാർട്ടികളും പൊലീസും എക്‌സൈസും നർകോട്ടിക് ബ്യൂറോയും നിരീക്ഷിക്കും. നേവിയുടെയും തീരസേനയുടെയും പ്രതിനിധികളും കേന്ദ്ര സംസ്ഥാന ഏജൻസികളും ചേർന്നുള്ള ‘എൻകോഡ് സെക്രട്ടേറിയറ്റ്’ സംസ്ഥാനത്ത് രൂപീകരിക്കുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.

എൻകോഡ് സെക്രട്ടറിയേറ്റിൽ ചീഫ് സെക്രട്ടറിയാണ് ചെയർമാൻ. ആഭ്യന്തര സെക്രട്ടറിയാണ് കൺവീനർ. എഡിജിപിയാണ് നോഡൽ ഓഫീസർ. ഓരോ ജില്ലയിലും ആന്റി നർകോട്ടിക് ടാസ്‌ക് ഫോഴ്‌സ് (എഎൻടിഎഫ്) രൂപീകരിച്ചാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ഒക്ടോബറിൽ കേരള തീരത്തു നിന്നു പിടിച്ച 200 കിലോ ഹാഷീഷ് പാക്കിസ്ഥാനിൽ നിന്നുള്ള സംഘത്തിന്റേതാണെന്ന് എൻസിബി നേരത്തെ കണ്ടെത്തിയിരുന്നു.

അതേസമയം, കേരളം, തമിഴ്‌നാട്, ഗുജറാത്ത് തീരങ്ങളിൽ കൂടുതൽ സേനയെ വിന്യസിച്ചു പരിശോധന ശക്തമാക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം.