കരാര്‍ ലംഘിച്ച് ചൈന; ഫിലിപ്പൈന്‍സുമായി തര്‍ക്കത്തിലുള്ള കടലിലെ ദ്വീപുകള്‍ വലുതാക്കുന്നു

ഫിലിപ്പൈന്‍സുമായി തര്‍ക്കത്തിലായതിനാല്‍ ആള്‍ത്താമസമില്ലാത്ത സ്പാര്‍ട്ട്‌ലി ദ്വീപുകളുടെ ഒരു ഭാഗം ചൈന കൈയടക്കിയതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തു വന്നതോടെ ആശങ്കയെന്ന് പ്രതികരിച്ച് ഫിലിപ്പൈന്‍സ്. ഈ ദ്വീപുകളില്‍ ആരും താമസിക്കരുതെന്നും മറ്റേതെങ്കിലും തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കരാര്‍ ഉള്ളപ്പോഴാണ് ചൈനയുടെ ഈ നീക്കം. ചൈന കൃത്രിമമായി ദ്വീപിന്റെ വിസ്തൃതി വര്‍ദ്ധിപ്പിക്കുകയാണെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം, കടലുമായി ബന്ധപ്പെട്ട കരാര്‍ ലംഘിക്കുകയും 2016 ലെ ആര്‍ബിട്രല്‍ അവാര്‍ഡിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചൈനയുടെ നടപടിയില്‍ ഏറെ ആശങ്കയുണ്ടെന്ന് ഫിലിപ്പൈന്‍സ് വിദേശ മന്ത്രാലയം വ്യക്തമാക്കി. ലക്ഷക്കണക്കിന് ഡോളറിന്റെ വ്യാപാരമാണ് ഈ കടലിലൂടെ നടക്കുന്നത്. അന്താരാഷ്ട്ര വ്യാപാരത്തില്‍ സുപ്രധാന സ്ഥാനം വഹിക്കുന്ന ഒരു കപ്പല്‍ ചാലാണിത്. കൂടാതെ പ്രകൃതി വിഭവങ്ങള്‍ കൊണ്ടും മത്സ്യ സമ്ബത്തുകൊണ്ടും ഇവിടം സമ്ബന്നമാണ്. ചൈനക്ക് പുറമെ ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം, മലേഷ്യ, ബ്രൂണൈ, തായ്വാന്‍ എന്നീ രാജ്യങ്ങളും ഈ മേഖലയ്ക്കായി അവകാശം ഉന്നയിക്കുന്നുണ്ട്.

സ്പാര്‍ട്ട്‌ലിയില്‍ ചൈന ഏഴ് ദ്വീപുകളും കുറെയേറെ ഒറ്റപ്പെട്ട പാറക്കൂട്ടങ്ങളും കൈയേറി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുള്‍. എന്നാല്‍, ഇത് തീര്‍ത്തും വാസ്തവ രഹിതമാണെന്നായിരുന്നു ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞത്.