ബഫര്‍ സോണ്‍: ജനവാസ മേഖലകളെ ഒഴിവാക്കാനാണ് സര്‍ക്കാര്‍ നിലപാടെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളുമുള്‍പ്പെടെ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്താനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും അത് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും റവന്യൂ മന്ത്രി കെ. രാജന്‍ വിശദീകരിച്ചു.

‘സര്‍ക്കാര്‍ നിലപാടില്‍ കണ്‍ഫ്യൂഷന്‍ വേണ്ടതില്ല. മുഖ്യമന്ത്രി എല്ലാം വിശദീകരിച്ചതാണ്. ജനവാസ മേഖലകളെ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. ഉപഗ്രഹ സര്‍വ്വേ കോടതി ആവശ്യപ്പെട്ടാല്‍ നല്‍കാതിരിക്കാന്‍ കഴിയില്ല എന്ന് നിലപാടെടുക്കാനാകില്ല. സര്‍ക്കാര്‍ നിലപാട് വ്യക്തമായി കോടതിയെ അറിയിക്കും. കോടതിയില്‍ കക്ഷി ചേരാനുള്ള നടപടി സ്വീകരിക്കും. ഫീല്‍ഡ് സര്‍വ്വേ ഏറ്റവും വേഗതയില്‍ നടക്കും. സര്‍വ്വേ എങ്ങനെ വേണം എന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് ട്രെയിനിങ്ങ് നല്‍കും. 26 മുതല്‍ സര്‍വ്വേ തുടങ്ങും. ഭൂമി തരം മാറ്റല്‍ അപേക്ഷകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും.
ജനവാസമേഖലകളെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാട്. സുപ്രീം കോടതി അതിന് വിരുദ്ധമായി നിലപാടെുത്താല്‍ ആ ഘട്ടത്തില്‍ നിയമപരമായും രാഷ്ട്രീയപരമായും ഭരണപരമായും മുന്നോട്ട് പോകാനാണ് തീരുമാനം. കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാല്‍ നല്‍കാതിരിക്കാനാകില്ല. ഇല്ലെങ്കില്‍ അത് കോടതി വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാകും. അത് കൊണ്ടാണ് റിപ്പോര്‍ട്ട് കോടതിക്ക് നല്‍കുന്നത്. മണ്ണുത്തി – വടക്കഞ്ചേരി ഹൈവേ അടക്കം ബഫര്‍ സോണില്‍ ഉള്‍പ്പെടും. അത്രമാത്രം ഗുരുതരമായ വിഷയമാണ്. വളരെ വേഗത്തില്‍ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഫീല്‍ഡ് സര്‍വേയും വേഗത്തിലാക്കും’- മന്ത്രി വ്യക്തമാക്കി.

അതേസമയം, ബഫര്‍സോണില്‍ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രനും പറഞ്ഞു. ‘ഇതിന് വേണ്ടി നിയമപരമായി പരമാവധി ശ്രമിക്കും. കസ് വരാനിടയുണ്ട്. സുപ്രീംകോടതി തീയതി തീരുമാനിച്ചില്ല. അതുകൂടി കേട്ടത് കൊണ്ടാണ് നടപടികള്‍ വേഗത്തിലാക്കിയത്. ബഫര്‍ സോണ്‍ വിഷത്തില്‍ ഫീല്‍ഡ് സര്‍വേ തുടങ്ങാന്‍ തീയതി നിശ്ചയിക്കേണ്ട കാര്യമില്ല. പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരാതി കിട്ടുന്ന മുറയ്ക്ക് സര്‍വേ തുടങ്ങും. വാര്‍ഡ് അംഗം, വില്ലേജ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാകും ഫീല്‍ഡ് സര്‍വേ നടത്തുക. നിലവില്‍ പ്രസിദ്ധീകരിച്ച 2021 ലെ ഭൂപടവും സീറോ ബഫര്‍ സോണ്‍ റിപ്പോര്‍ട്ടും നോക്കി ജനങ്ങള്‍ക്ക് പരാതി നല്‍കാവുന്നതാണ്. 28 ന് ഹെല്പ് ഡസ്‌ക് തുടങ്ങും. എല്ലാ നടപടികളും ജനുവരി 7 ഓടെ തീര്‍ത്ത് റിപ്പോര്‍ട്ട് തയ്യാറാക്കും’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.