തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശങ്ക വേണ്ടെങ്കിലും കോവിഡ് ബാധിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അവധിക്കാലം കൂടുതൽ ശ്രദ്ധിക്കണം. എല്ലാവരും വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണം. പ്രായമായവർക്കും അനുബന്ധ രോഗമുള്ളവർക്കും കുട്ടികൾക്കും പ്രത്യേക കരുതൽ വേണമെന്നും ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകണംമെന്നും വീണാ ജോർജ് നിർദ്ദേശം നൽകി.
കേരളത്തിൽ കോവിഡ് കേസുകൾ വളരെ കുറവാണ്. ഡിസംബർ മാസത്തിൽ ആകെ 1431 കേസുകൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികളും വളരെ കുറവാണ്. പുതിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണ്. അതിനാൽ തന്നെ ജാഗ്രത തുടരണം. എല്ലാ ജില്ലകളും പ്രതിരോധ പ്രവർത്തനങ്ങളും നിരീക്ഷണവും ശക്തമാക്കണം. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് മന്ത്രി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാൽ അവഗണിക്കരുത്. ചികിത്സ തേടണം. കോവിഡ് രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകരുത്. കോവിഡ് രോഗലക്ഷണമുണ്ടെങ്കിൽ പുറത്തിറങ്ങാതെ വിശ്രമിക്കേണ്ടതും ചികിത്സ തേടേണ്ടതുമാണ്. അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. ആശുപത്രി അഡ്മിഷൻ നിരന്തരം നിരീക്ഷിക്കണം. രോഗികളുടെ എണ്ണം വർധിക്കുന്നത് മുന്നിൽ കണ്ട് കോവിഡിനായി ആശുപത്രി സൗകര്യങ്ങൾ കൂട്ടാനും വീണാ ജോർജ് നിർദേശം നൽകി. പുറത്ത് പോയി വന്നതിന് ശേഷം കൈ കഴുകേണ്ടതാണ്. കരുതൽ ഡോസ് ഉൾപ്പെടെ വാക്സിൻ എടുക്കാത്തവർ എല്ലാവരും വാക്സിൻ എടുക്കണം. രോഗലക്ഷണമുള്ളവരെ കൂടുതലായി കോവിഡ് പരിശോധന നടത്താൻ നിർദേശം നൽകി. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം ശക്തിപ്പെടുത്തുമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു. എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, ആർ.ആർ.ടി. അംഗങ്ങൾ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.

