ചാൾസ് ശോഭരാജിന് ജയിൽ മോചനം; പതിനഞ്ച് ദിവസത്തിനകം നാടുകടത്തണമെന്നും നിർദ്ദേശം

കാഠ്മണ്ഡു: കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭരാജിന് ജയിൽ മോചനം. നേപ്പാൾ സുപ്രീംകോടതിയാണ് ചാൾസ് ശോഭരാജിനെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. 19 വർഷമായി ജയിലിൽ കഴിയുകയാണ് ചാൾസ് ശോഭരാജ്. പ്രായം കണക്കിലെടുത്താനാണ് ഇയാളെ മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടത്. ജയിൽ മോചിതനായി പതിനഞ്ച് ദിവസത്തിനകം ഫ്രഞ്ച് പൗരനായ ചാൾസിനെ നാടു കടത്തണമെന്നും സുപ്രീംകോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

2003 ലാണ് സുപ്രീംകോടതി ചാൾസ് ശോഭരാജിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. രണ്ട് അമേരിക്കൻ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിനായിരുന്നു ശിക്ഷ. ജയിലിൽ നിന്നും ഇമിഗ്രേഷൻ ഓഫീസിലേക്ക് ചാൾസിനെ മാറ്റുമെന്നും ഇമിഗ്രേഷൻ അധികൃതർ അടുത്ത പതിനഞ്ച് ദിവസത്തിനകം നാടുകടത്തൽ നടപടികൾ പൂർത്തിയാവും എന്നാണ് കരുതന്നെന്നും ശോഭരാജിന്റെ അഭിഭാഷകൻ ലോക്ഭക്ത്‌റാണ വ്യക്തമാക്കി.

‘ബിക്കിനി കില്ലർ’, ‘സ്പ്ലിറ്റിങ് കില്ലർ’, ‘സെർപന്റ്’ എന്നീ അപരനാമങ്ങൾ ചാൾസ് ശോഭരാജിനുണ്ടായിരുന്നു. തായ്ലൻഡിൽ നടത്തിയ 14 കൊലപാതകങ്ങൾ ഉൾപ്പെടെ 20 കൊലപാതകങ്ങൾ ചാൾസ് ശോഭരാജ് നടത്തിയെന്നാണ് കരുതപ്പെടുന്നത്. 1976 മുതൽ 1997 വരെ ഇന്ത്യയിലെ ജയിലിലായിരുന്ന ചാൾസ് ശോഭരാജ് ജയിൽമോചിതനായ ശേഷം പാരിസിലേക്ക് പോയി. 2003-ൽ നേപ്പാളിലേക്ക് മടങ്ങിയതോടെ വീണ്ടും ജയിലിലാവുകയായിരുന്നു.

ഇന്ത്യക്കാരനായ ശോഭരാജ് ഹോത്ചന്ദ് ഭാവ്നാനിയും വിയറ്റ്നാം സ്വദേശി ട്രാൻ ലോവാങ് ഫുനും ആണ് ചാൾസിന്റെ മാതാപിതാക്കൾ. വിവാഹിതരാകാത്തതിനാൽ ചാൾസിന്റെ പിതൃത്വം ഏറ്റെടുക്കാൻ ശോഭരാജ് ഹോത്ചന്ദ് ഭാവ്നാനി തയ്യാറായിരുന്നില്ല. ഫ്രഞ്ച് സൈനികനുമായി അമ്മയുടെ വിവാഹം നടന്നതോടെ അവർക്കൊപ്പം ചാൾസ് ഫ്രാൻസിലേക്ക് പോയി. ഇളയസഹോദരങ്ങളുടെ ജനനത്തോടെ അവഗണിക്കപ്പെട്ട ചാൾസ് പിന്നീട് ഏഷ്യൻ രാജ്യങ്ങളിലും ഫ്രാൻസിലുമായാണ് ജീവിച്ചത്.