രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും വർദ്ധിക്കുന്നു; ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും വർദ്ധിക്കുന്നുവെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് വൈറസ് പടരാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

തിരക്കേറിയ സ്ഥലങ്ങളിൽ സഞ്ചരിക്കുമ്പോൾ പൊതുജനങ്ങൾ മാസ്‌ക് ധരിക്കണം. എല്ലാവരും കരുതൽ ഡോസ് വാക്സിൻ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി അഭ്യർത്ഥിച്ചു. എല്ലാവരും ജാഗ്രത പാലിക്കണം. കോവിഡ് വൈറസ് വ്യാപനം ഇതുവരെ അവസാനിച്ചിട്ടില്ല. ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും മതിയായ പരിശോധനകൾ നടക്കുന്നുണ്ടെന്നും കോവിഡ് ദേശീയ ടാസ്‌ക് ഫോഴ്‌സിന്റെ തലവനായ നിതി ആയോഗ് അംഗം വി കെ പോൾ അറിയിച്ചു. തിരക്കേറിയ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണം. അന്താരാഷ്ട്ര വിമാന യാത്രയ്ക്കുള്ള മാർഗനിർദ്ദേശങ്ങളിൽ ഇതുവരെ മാറ്റമില്ലെന്ന് അദ്ദേഹം അറിയിച്ചു.