കോവിഡ്: രോഗബാധ രൂക്ഷമായ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിയന്ത്രിക്കണമെന്ന് എംപിമാര്‍

ന്യൂഡല്‍ഹി: ചൈനയിലും യുഎസിലും ജപ്പാനിലും ഉള്‍പ്പടെ കോവിഡ് വര്‍ധിക്കുന്നതിനാല്‍ രാജ്യത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍. രോഗബാധ രൂക്ഷമായുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്നും എംപിമാര്‍ പറഞ്ഞു.

അതേസമയം, രാജ്യത്തെ കോവിഡ് വ്യാപനവും പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മമന്‍സുഖ് മാണ്ഡവ്യ ഇന്ന് വിളിച്ച അടിയന്തര യോഗത്തില്‍ വ്യോമയാന മന്ത്രാലയം പ്രതിനിധികള്‍ ഉള്‍പ്പെടെ പങ്കെടുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും സാംപിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയച്ച് വകഭേദം ഏതെന്ന് കണ്ടെത്താനും സംസ്ഥാനങ്ങളോട് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

കണക്കുകള്‍ പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 112 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച 181 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 3,490 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്നു മരണളും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ രണ്ടും മഹാരാഷ്ട്രയില്‍ ഒന്നും. ആകെ മരണ സംഖ്യ 5,30,677 ആയി.