കൊച്ചി നഗരത്തിൽ ലഹരി ഇടപാടുകളുടെ കേന്ദ്രങ്ങളായി 59 ബ്ലാക്ക് സ്‌പോട്ടുകൾ; പ്രധാന കേന്ദ്രം മറൈൻ ഡ്രൈവ് വോക്‌വേ

കൊച്ചി: കൊച്ചി നഗരത്തിലെ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തൽ. കൊച്ചിയിൽ ലഹരി ഇടപാടുകളുടെ കേന്ദ്രങ്ങളായി 59 ബ്ലാക്ക് സ്‌പോട്ടുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൊച്ചി സിറ്റി പോലീസിനു കീഴിൽ വരുന്ന 23 പോലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് ഈ സ്ഥലങ്ങളുള്ളത്. മട്ടാഞ്ചേരി, പള്ളുരുത്തി സ്റ്റേഷനുകളുടെ പരിധിയിലാണ് ഏറ്റവും കൂടുതൽ ബ്ലാക്ക് സ്‌പോട്ടുകളുള്ളത്. 5 എണ്ണം വീതമാണ് ഇവിടങ്ങളിലുള്ളത്. സെൻട്രൽ സ്റ്റേഷൻ പരിധിയിൽ 4 ബ്ലാക്ക് സ്‌പോട്ടുകളുമുണ്ട്.

2477 ലഹരി കേസുകളാണ് 2022 നവംബർ വരെയുള്ള കണക്കുകൾ അനുസരിച്ച് സിറ്റി പോലീസ് രജിസ്റ്റർ ചെയ്തത്. 2710 പേർ ലഹരി കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ലഹരി ഇടപാടുകളുടെ പ്രധാന കേന്ദ്രങ്ങളിലൊന്ന് മറൈൻ ഡ്രൈവ് വോക്‌വേയാണ്. സെൻട്രൽ സ്റ്റേഷൻ പരിധിയിൽ അംബേദ്കർ സ്റ്റേഡിയം, പുല്ലേപ്പടി പാലം, വിവേകാനന്ദ റോഡ് തുടങ്ങിയവയാണ് മറ്റ് ലഹരി കേന്ദ്രങ്ങൾ.

സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ പനമ്പിള്ളി നഗർ, മട്ടുമ്മൽ, കടവന്ത്രയിൽ ഉദയ കോളനി, പൊന്നുരുന്നി പാലത്തിനു സമീപം, പാലാരിവട്ടത്ത് ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം, ഐഎംജി റോഡ് തുടങ്ങിയ സ്ഥലങ്ങളിലും വ്യാപകമായി ലഹരി ഇടപാടപകൾ നടക്കുന്നുണ്ട്. ഇൻഫോപാർക്ക് സ്റ്റേഷൻ പരിധിയിൽ ഇടച്ചിറ, ചിറ്റേറ്റുകര, ബ്രഹ്മപുരം, അമ്പലമേട് സ്റ്റേഷൻ പരിധിയിൽ കരിമുകൾ മാർക്കറ്റ്, ഫാക്ട് കോളനി, കുഴിക്കാട്, മരട് സ്റ്റേഷൻ പരിസരത്ത് വൈറ്റില കണിയാമ്പുഴ പാലം, തൈക്കൂടം പാലം തുടങ്ങിയ സ്ഥലങ്ങളിലും ലഹരി ഇടപാട് നടക്കുന്നുണ്ട്.