കൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ റിപ്പോർട്ട് സമർപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി. പിഎഫ്‌ഐ പ്രവർത്തകർ പ്രതികളായ കൊലപാതകങ്ങൾ സംഘടനയുടെ ഉന്നതതല നേതാക്കളുടെ അറിവോടെ ആയിരുന്നെന്ന് എൻഐഎ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഉന്നത നേതാക്കളുടെ നിർദേശാനുസരണമായിരുന്നു കൊലപാതകങ്ങളെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കൊലയാളികൾക്ക് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നിന്നു പരിശീലനം ലഭിച്ചിരുന്നു. ഇവർക്ക് കേരളത്തിലും പുറത്തും പരിശീലനം ലഭിച്ചിരുന്നതായാണ് വിവരം. കൊലപാതക ആസൂത്രണങ്ങളും കേരളത്തിനു പുറത്തു നടന്നിട്ടുണ്ട്. കൊല്ലേണ്ടവരെ സംബന്ധിച്ചു വിവരങ്ങൾ ശേഖരിച്ചു പഠനം നടത്തിയിരുന്നു. ഇതര സമുദായങ്ങളിൽ ഭയം വിതയ്ക്കുകയായിരുന്നു നേതൃത്വത്തിന്റെ ലക്ഷ്യമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കൂടുതൽ കൊലപാതക കേസുകൾ എൻഐഎ ഏറ്റെടുത്തേക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഇതര സമുദായത്തിൽപെട്ടവരുടെ ഹിറ്റ് ലിസ്റ്റ് ഒരുക്കാൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് രഹസ്യ വിഭാഗം ഉണ്ടായിരുന്നെന്ന് ദേശീയ അന്വേഷണ ഏജൻസി നേരത്തെ അറിയിച്ചിരുന്നു. ഈ സീക്രട്ട് വിംഗാണ് വിവരശേഖരണം നടത്തുന്നതും പട്ടിക തയ്യാറാക്കിയതും. പിഎഫ്ഐ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു ഇവർ പ്രവർത്തിച്ചിരുന്നത്. ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവരെക്കുറിച്ച് അന്വേഷണം തുടരുകയാണ്.

