സാമൂഹിക പുരോഗതി സൂചികയില്‍ കേരളം ഒമ്പതാം സ്ഥാനത്ത്‌

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെയും ജില്ലകളുടെയും സാമൂഹിക പുരോഗതി സൂചികയില്‍ കേരളം ഒമ്പതാം സ്ഥാനത്ത്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലാണ് പട്ടിക പുറത്തിറക്കിയത്.

കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരി (65.99) ഒന്നാം സ്ഥാനവും, ലക്ഷദ്വീപ് (65.89) രണ്ടാം സ്ഥാനവും നേടി. സൂചികയില്‍ 65-ലേറെ സ്‌കോര്‍ നേടിയ ഗോവ (65.53), സിക്കിം (65.10) എന്നീ സംസ്ഥാനങ്ങള്‍ക്കാണ് യഥാക്രമം മൂന്നും നാലും റാങ്ക്. മിസോറം (64.15) അഞ്ചും തമിഴ്‌നാട് (63.33) ആറും ഹിമാചല്‍ പ്രദേശ് (63.28) ഏഴും ചണ്ഡീഗഢ് (62.37) എട്ടും റാങ്ക് നേടി. കേരളത്തിന് 62.05 സ്‌കോറാണുള്ളത്. ഒമ്പതാം സ്ഥാനത്തെ കേരളവും പത്താമതുള്ള ജമ്മു കശ്മീരും തമ്മില്‍ ഒന്നര സ്‌കോറോളം വ്യത്യാസവുമുണ്ട്.

അതേസമയം, ഏറ്റവും കുറഞ്ഞ സാമൂഹിക പുരോഗതി വിഭാഗത്തിലുള്ളത് ഝാര്‍ഖണ്ഡ് (43.95), ബിഹാര്‍ (44.47), അസം (44.92) എന്നീ സംസ്ഥാനങ്ങളാണ്. ശ്രേണി 1: വളരെ ഉയര്‍ന്ന സാമൂഹികപുരോഗതി, ശ്രേണി 2: ഉയര്‍ന്ന സാമൂഹികപുരോഗതി, ശ്രേണി 3: ഉയര്‍ന്ന മധ്യവര്‍ഗ സാമൂഹികപുരോഗതി, ശ്രേണി 4: താഴ്ന്ന മധ്യവര്‍ഗ സാമൂഹികപുരോഗതി, ശ്രേണി 5: കുറഞ്ഞ സാമൂഹികപുരോഗതി, ശ്രേണി 6: വളരെ കുറഞ്ഞ സാമൂഹികപുരോഗതി എന്നിങ്ങനെയാണ് വിഭജനം.