മേട്ടുപാളയം- ഊട്ടി പർവത ട്രെയിൻ സർവിസ് വീണ്ടും ആരംഭിച്ചു

കോയമ്പത്തൂർ: മേട്ടുപാളയം- ഊട്ടി പർവത ട്രെയിൻ സർവിസ് വീണ്ടും ആരംഭിച്ചു. തിങ്കളാഴ്ച മുതലാണ് സർവ്വീസ് വീണ്ടും ആരംഭിച്ചത്. കനത്ത മഴയെ തുടർന്ന് ഡിസംബർ 14ന് അർധരാത്രി കല്ലാർ- ഹിൽഗ്രോവ്- അഡർലി ഭാഗത്ത് പത്തിലധികം ഇടങ്ങളിൽ മണ്ണിടിഞ്ഞിരുന്നു. തുടർന്നാണ് ട്രെയിൻ സർവീസ് റദ്ദാക്കിയത്. റെയിൽപാതിലെ അറ്റകുറ്റപണികൾ വേഗത്തിൽ പൂർത്തിയാക്കിയ ശേഷമാണ് ട്രെയിൻ സർവ്വീസ് പുനരാരംഭിച്ചത്.

തിങ്കളാഴ്ച രാവിലെ 7.10ന് മേട്ടുപാളയത്തു നിന്ന് പുറപ്പെട്ട ട്രെയിനിൽ 180 വിനോദ സഞ്ചാരികളാണുണ്ടായിരുന്നു. ഈ ട്രെയിൻ സർവ്വീസ് യുനെസ്‌കെയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. മേട്ടുപ്പാളയം മുതൽ ഊട്ടി വരെയാണ് സർവീസ്. മൂന്നര മുതൽ നാലര മണിക്കൂർ വരെ സമയമെടുത്താണ് ഈ യാത്ര പൂർത്തീകരിക്കുന്നത്. 45.88 കിലോമീറ്ററാണ് ദൂരം.

രാവിലെയും വൈകിട്ടും ഓരോ സർവീസാണുള്ളത്. രാവിലെ 7.10 ന് മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെടുന്ന വണ്ടി 12 മണിയോടെ ഊട്ടിയിലെത്തും. ഉച്ച രണ്ട് മണിക്ക് ഊട്ടിയിൽ നിന്ന് തിരിച്ചുള്ള സർവിസ് വൈകിട്ട് 5.30ന് മേട്ടുപ്പാളയത്ത് എത്തും. റിസർവേഷൻ ടിക്കറ്റുകൾ IRCTC വഴിയും ജനറൽ ടിക്കറ്റുകൾ സ്റ്റേഷനിൽ നിന്നും ലഭിക്കും. ഉദഗമണ്ഡലം മുതൽ മേട്ടുപ്പാളയം വരെ ഫസ്റ്റ് ക്ലാസിന് 600 രൂപയും സെക്കന്റ് ക്ലാസിന് 295 രൂപയുമാണ് റിസർവേഷൻ നിരക്ക്.