ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. അമേരിക്ക, ജപ്പാൻ തുടങ്ങിയ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ രോഗവ്യാപനം വർദ്ധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി.
കോവിഡ് പരിശോധനയും ജനിതക ശ്രേണികരണവും കൃത്യമായി നടപ്പിലാക്കണമെന്നാണ് സംസ്ഥാനങ്ങളോട് കേന്ദ്രം നിർദ്ദേശിച്ചത്. അഞ്ച് ഘട്ട പ്രതിരോധ പ്രവർത്തനം ഉറപ്പാക്കണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. അതേസമയം, രാജ്യത്തെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഡൽഹിയിലാണ് യോഗം ചേരുക.
പ്രതിരോധ മാർഗങ്ങളുടെ സ്ഥിതി, വാക്‌സിനേഷൻ പുരോഗതി മുതലായവ വിലയിരുത്തുക എന്നിവയാണ് യോഗത്തിന് പിന്നിലെ ലക്ഷ്യങ്ങൾ.

