തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര യാത്രാ ക്ലേശത്തിന് പരിഹാരം. ഇന്ത്യൻ റെയിൽവേ കേരളത്തിലേക്ക് 51 സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു.. ഈ മാസം 22 മുതൽ ജനുവരി 2 വരെയാണ് ഈ ട്രെയിനുകൾ സർവീസുകൾ നടത്തുക.
ദക്ഷിണ റെയിൽവേ 17 സ്‌പെഷ്യൽ ട്രെയിനുകൾ കേരളത്തിലേക്ക് അനുവദിച്ചു. മറ്റ് സോണുകളിൽ നിന്നുള്ള 34 സ്‌പെഷ്യൽ ട്രെയിനുകളും കേരളത്തിലേക്ക് സർവീസ് നടത്തും.
എറണാകുളം ജംഗ്ക്ഷൻ- ചെന്നൈ, ചെന്നൈ എഗ്മോർ – കൊല്ലം, എറണാകുളം ജംഗ്ക്ഷൻ-വേളാങ്കണി, എറണാകുളം ജംഗ്ക്ഷൻ- താമ്പ്രം, റൂട്ടുകളിലും തിരിച്ചുമാണ് സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിട്ടുള്ളതെന്ന് റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കുന്നു. പാലക്കാട് വഴിയും ചെങ്കോട്ട വഴിയുമാണ് അധിക ട്രെയിനുകൾ. അവധിക്കാലത്ത് കേരളത്തിലേക്ക് വരാൻ ടിക്കറ്റ് ലഭിക്കാതെ വിദ്യാർത്ഥികളടക്കം ബുദ്ധിമുട്ടിയിരുന്നു. ഇതിനെ തുടർന്നാണ് പുതിയ ട്രെയിനുകൾ കേരളത്തിലേക്ക് സർവീസ് നടത്തുക.
ക്രിസ്മസ്, പുതുവത്സര ആഘോഷ കാലത്തെ തിരക്കൊഴിവാക്കാൻ കൂടുതൽ ട്രെയിൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് റെയിൽവേ ബോർഡ് ചെയർമാൻ വി.കെ.ത്രിപാഠിയ്ക്ക് കേരളം കത്തയക്കുകയും ചെയ്തു. റെയിൽവേ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാനാണ് ഇതുസംബന്ധിച്ച കത്ത് നൽകിയത്.
നിലവിലെ ട്രെയിനുകളിൽ കോച്ച് വർധിപ്പിക്കണമെന്ന ആവശ്യവും കത്തിൽ മുന്നോട്ടുവെയ്്ക്കുന്നുണ്ട്. അതേസമയം, കേരളത്തിന് കൂടുതൽ ട്രെയിനുകൾ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ എംപി വി.ശിവദാസനും റെയിൽവേ മന്ത്രിയ്ക്ക് കത്ത് നൽകിയിരുന്നു.

