മികച്ച ഇന്ത്യന്‍ സിനിമകള്‍; ഫോബ്‌സ് പട്ടികയില്‍ ഇടം നേടി ‘റോഷാക്ക്’, ‘ന്നാ താന്‍ കേസ് കൊട്’

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ ആണ് ഫോബ്‌സ് പട്ടികയില്‍ ഇടം നേടിയ ഒന്നാമത്തെ ചിത്രം. ബോളിവുഡ് താരം ആലിയ ഭട്ട് ആദ്യമായി അഭിനയിച്ച തെലുങ്ക് ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിയേറ്ററില്‍ ചരിത്രം വിജയം നേടിയ സിനിമ ഇപ്പോള്‍ നെറ്റ്ഫ്‌ലിക്‌സിലും ലഭ്യമാണ്.

രശ്മിക മന്ദാനയുടെ ആദ്യ ബോളിവുഡ് ചിത്രം ഗുഡ്‌ബൈ ആണ് പട്ടികയില്‍ ഇടം നേടിയ രണ്ടാമത്തെ ചിത്രം. വികാസ് ബാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അമിതാഭ് ബച്ചനാണ് പ്രധാന വേഷത്തില്‍ അഭിനയിച്ചത്. കുടുംബ ബന്ധങ്ങളെ കുറിച്ച് പറയുന്ന ചിത്രത്തില്‍ മരണാനന്തര ചടങ്ങുകള്‍ മരിച്ചവര്‍ക്കു വേണ്ടിയല്ല, അവര്‍ ഉപേക്ഷിച്ചു പോയ ജീവിച്ചിരിക്കുന്നവര്‍ക്കു വേണ്ടിയാണെന്ന് ചിത്രം പറയുന്നു.
സാലി എല്‍ ഹുസൈനി സംവിധാനം ചെയ്ത ദി സ്വിമ്മേഴ്‌സ്. സിറിയന്‍ അഭയാര്‍ത്ഥികളായ രണ്ട് സഹോദരിമാരുടേയും അവര്‍ നേരിടുന്ന പ്രതിസന്ധികളുടേയും കഥയാണ് സ്വിമ്മേഴ്‌സ് പറയുന്നത്. അതിസാഹസികമായി സിറിയയില്‍ നിന്ന് കടല്‍മാര്‍ഗം യൂറോപ്പിലെത്തുന്ന ഉസ്‌റ, സാറ എന്നീ സഹോദരിമാര്‍. അവരിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ടുപോകുന്നത്. അഭയാര്‍ത്ഥി പ്രശ്‌നങ്ങളും യുദ്ധങ്ങള്‍ മൂലം ജനങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളുമെല്ലാം ചിത്രത്തില്‍ പറയുന്നു. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് പട്ടികയില്‍ നാലാമതായാണ് ഉള്‍പ്പെട്ടിരിക്കുന്നത്. സാധാരണക്കാരുടെ ദൈനംദിന ജീവിതത്തില്‍ അഴിമതിയും ചുവപ്പുനാടകളും എങ്ങനെ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുവെന്ന് ചിത്രം കാണിച്ചുതരുന്നുവെന്നാണ് കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ പറയുന്നത്.

സായ് പല്ലവി പ്രധാന വേഷത്തിലെത്തിയ ഗാര്‍ഗിയാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റൊരു ചിത്രം. ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം കോടതിമുറികളിലെ നാടകീയതയെ കുറിച്ചാണ് പറയുന്നത്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ റൊഷാക്കാണ് പട്ടികയില്‍ ഉള്‍പ്പെട്ട രണ്ടാമത്തെ മലയാള ചിത്രം. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം ഈ വര്‍ഷം കണ്ട ഏറ്റവും രസകരമായ സിനിമ എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. പാരാനോര്‍മല്‍, സസ്‌പെന്‍സ്, വൈകാരികത, നാടകീയത എന്നിവയെല്ലാം ഉള്‍പ്പെടുന്ന ചിത്രമാണ് റൊഷാക്ക് എന്ന് വിശേഷിപ്പിക്കുന്നു. എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ് ആണ് പട്ടികയിലുള്ള മറ്റൊരു ചിത്രം. ഈ ചിത്രം ഹുളുവിലാണ് നിലവില്‍ ലഭ്യമായത്. ആലിയ ഭട്ട് അനശ്വരമാക്കിയ സഞ്ജയ് ലീല ബന്‍സാലി ചിത്രം ഗംഗുഭായിയും പട്ടികയില്‍ ഇടംനേടി. പ്രിസണേഴ്‌സ് ഓഫ് ഗോസ്റ്റ്‌ലാന്റ് ആണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റൊരു ചിത്രം. ദി ടിന്റര്‍ സ്വിന്റലര്‍ ആണ് മറ്റൊരു ചിത്രം