കൊച്ചി: ഇതരമതസ്ഥരുടെ ഹിറ്റ്ലിസ്റ്റ് തയ്യാറാക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് രഹസ്യവിഭാഗമുണ്ടെന്ന് എന്‍.ഐ.എ കൊച്ചി പ്രത്യേക കോടതിയെ അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ഐ.എസ് ബന്ധത്തിനും, ആഗോള ഭീകരബന്ധത്തിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് എന്‍ഐഎ കോടതിയില്‍ വെളിപ്പെടുത്തി.
അതേസമയം, പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡില്‍ ഹിറ്റ്ലിസ്റ്റ് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ നേതാക്കള്‍ക്ക് സി.ആര്.പി.എഫിന്റേതടക്കം സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ആലപ്പുഴയിലും പാലക്കാടും നടന്ന കൊലപാതകങ്ങള്‍ ഹിറ്റ്ലിസ്റ്റ് പ്രകാരമായിരുന്നെന്ന് പോലീസിനും തെളിവ് ലഭിച്ചിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് ഈ രഹസ്യവിഭാഗം പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ തയ്യാറാക്കുന്ന പട്ടിക പ്രകാരമാണ് കൊലപാതകമടക്കമുള്ള ആക്രമണങ്ങള്‍ നടത്തിയതെന്നും എന്‍.ഐ.എ ചൂണ്ടിക്കാട്ടി.
യു.എ.പി.എ. പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറു മാസത്തെ സാവകാശം ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിക്കും. ഈ ആവശ്യത്തെ സാധൂകരിക്കുന്ന തെളിവുകളാണ് എന്‍.ഐ.എ ഹാജരാക്കിയത്. നിലവില്‍ അന്വേഷണം മൂന്ന് മാസം പിന്നിട്ടു.

