ന്യൂഡൽഹി: ആംആദ്മി പാർട്ടിയിൽ നിന്നും 97 കോടി രൂപ തിരിച്ച് പിടിക്കാൻ നിർദ്ദേശിച്ച് ഗവർണർ. രാഷ്ട്രീയ പരസ്യങ്ങൾ ഡൽഹി സർക്കാരിന്റെ ചിലവിൽ പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് നടപടി. ഡൽഹി ലഫ്. ഗവർണർ വിനയ് കുമാർ സക്‌സേനയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ചീഫ് സെക്രട്ടറിയോടാണ് അദ്ദേഹം ഇക്കാര്യം നിർദ്ദേശിച്ചത്.
ഡൽഹി സർക്കാരിന്റെ നേട്ടങ്ങളെ പറ്റിയുള്ള നിരവധി പരസ്യങ്ങൾ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് സമയത്ത് ഉൾപ്പെടെ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു.
സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകൾ ആംആദ്മി പാർട്ടി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ നീക്കം. അതേസമയം, ഗവർണർക്കെതിരെ ആംആദ്മി നേതാക്കൾ രംഗത്തെത്തി. ഗവർണർ രാഷ്ട്രീയ വൈരം തീർക്കുകയാണെന്നാണ് ആംആദ്മി നേതാക്കൾ ആരോപിക്കുന്നത്.

