തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള കോണ്‍ഗ്രസിന്റെ പൗരവിചാരണയുടെ മൂന്നാം ഘട്ടമായി അരലക്ഷം പേര്‍ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് വളയല്‍ സമരം ജനുവരിയില്‍ സംഘടിപ്പിക്കാന്‍ കെപിസിസി നേതൃയോഗത്തില്‍ തീരുമാനമായി.
കെപിസിസി യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍
കോണ്‍ഗ്രസിന്റെ 138-ാം ജന്മവാര്‍ഷിക ഭാഗമായി ഈ മാസം 28ന് മണ്ഡലം തലത്തില്‍ മതനിരപേക്ഷ സദസ്സുകളും ജന്മദിന റാലികളും നടത്തും.
ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ സംസ്ഥാന തലസ്ഥാനത്തു നടക്കുന്ന മഹിളാ മാര്‍ച്ച് വിജയമാക്കും.
ജോഡോ യാത്രയുടെ സന്ദേശം കൂടുതല്‍ പേരില്‍ എത്തിക്കാന്‍ ‘ഹാഥ് സെ ഹാഥ് ജോഡോ അഭിയാന്‍’ എന്ന പേരില്‍ ബ്ലോക്ക് – മണ്ഡലം – ബൂത്ത് തലങ്ങളില്‍ പദയാത്രകള്‍ സംഘടിപ്പിക്കും.
കേരളത്തിലെ യാത്രാനുഭവത്തിന്റെ നേര്‍ചിത്രം രേഖപ്പെടുത്തുന്ന ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കും.
പൗര വിചാരണ സമരത്തിന്റെ ഭാഗമായി ബ്ലോക്ക് തലത്തില്‍ സംഘടിപ്പിക്കുന്ന വാഹന ജാഥകള്‍ ഡിസംബര്‍ 30ന് അകം പൂര്‍ത്തിയാക്കും.
സമര പരമ്പരകളുടെ തുടര്‍ച്ചയായി 1000 കേന്ദ്രങ്ങളില്‍ വിശദീകരണ യോഗങ്ങള്‍ ജനുവരി 15ന് അകം പൂര്‍ത്തീകരിക്കും.
അതേസമയം, കേരളത്തിലെ ജനവിരുദ്ധ ഭരണത്തിനെതിരായ ഏറ്റവും ശക്തമായ പ്രതിഷേധത്തിന്റെ മുഖമായിരിക്കും ഈ സമരമെന്നു കെപിസിസി അറിയിച്ചു.

