റിയാദ്: പരീക്ഷാ ഹാളുകളിൽ വിദ്യാർത്ഥിനികൾ മുഖം പൂർണമായി മറയ്ക്കുന്ന വസ്ത്രം (അബയ) ധരിക്കുന്നത് നിരോധിച്ച് സൗദി അറേബ്യ. വിദ്യാഭ്യാസ മന്ത്രാലയവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പരിശീലന സംവിധാനങ്ങളുടെയും ചുമതല വഹിക്കുന്ന സൗദി വിദ്യാഭ്യാസ പരിശീലന വിലയിരുത്തൽ കമ്മീഷനുമാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. പരീക്ഷാഹാളുകളിൽ വിദ്യാർത്ഥിനികൾ പൂർണമായി മറയ്ക്കുന്ന വസ്ത്രം ധരിക്കാൻ അനുവദിക്കില്ലെന്ന് കമ്മീഷൻ അറിയിച്ചു.
വിദ്യാർത്ഥിനികൾ പരീക്ഷാ ഹാളുകളിൽ സ്‌കൂൾ യൂണിഫോം ധരിക്കണം. എന്നാൽ വസ്ത്രധാരണത്തിൽ പൊതുവെ മാന്യമായ നിയന്ത്രണങ്ങൾ പാലിക്കണമെന്നും കമ്മിഷൻ നിർദ്ദേശം നൽകി. കറുത്ത നിറത്തിലെ അയഞ്ഞ ശിരോവസ്ത്രമാണ് അബയ. കൈയും തലയും കാലും ഉൾപ്പെടെ ശരീരം മുഴുവൻ ഇത് മറയ്ക്കും.
അബയ ഇനി നിർബന്ധിച്ച് നടപ്പാക്കില്ലെന്ന് സൗദി 2018 ൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ രാജ്യത്ത് ഇപ്പോഴും നിരവധി സ്ത്രീകൾ അബയ ധരിക്കുന്നുണ്ട്. ഇളംനീല, പിങ്ക് നിറത്തിലുള്ള അബയയും സ്ത്രീകൾ ഉപയോഗിക്കാറുണ്ട്.

