ഹലാൽ മാംസം നിരോധിക്കാനുള്ള നീക്കം ആരംഭിച്ച് കർണാടക സർക്കാർ; ബില്ല് നിയമസഭയിൽ അവതരിപ്പിക്കും

ബെംഗളൂരു: ഹലാൽ മാംസം നിരോധിക്കാനുള്ള നീക്കം ആരംഭിച്ച് കർണാടക സർക്കാർ. ഹലാൽ മാംസം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ ബിൽ അവതരിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇതിനായുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. അംഗീകൃതമല്ലാത്ത എല്ലാ ഭക്ഷണങ്ങളും നിരോധിക്കണമെന്ന് ബിജെപി എംഎൽഎ രവികുമാർ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻന്റേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയോട് (എഫ്എസ്എസ്എഐ) ആവശ്യപ്പെട്ടു.

കർണാടകയിൽ തിങ്കളാഴ്ച നിയമസഭാ സമ്മേളനം ആരംഭിച്ചു. ഹലാൽ മാംസം നിരോധിക്കാനുള്ള ബില്ല് സ്വകാര്യ ബില്ലായി നിയമസഭയിൽ അവതരിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇതുമായി ബന്ധപ്പെട്ടു ഗവർണർക്ക് രവികുമാർ കത്തയച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും എംഎൽഎമാരും ബിൽ അവതരിപ്പിക്കുന്നതിന് അനുമതി നൽകി. അതേസമയം, വിഷയത്തിൽ ബിജെപിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. ബിജെപി ഹിന്ദുത്വ കാർഡ് ഇറക്കി കളിക്കുകയാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. ബിൽ അവതരിപ്പിക്കാൻ അനുമതി നൽകരുതെന്ന് സ്പീക്കറോട് ആവശ്യപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് ബി കെ ഹരിപ്രസാദ് വ്യക്തമാക്കി.

അഴിമതി മറയ്ക്കുന്നതിനും ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളിൽ നിന്നും ഒളിച്ചോടുന്നതിനുമാണ് ബിജെപി ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് മുൻനിർത്തി ജനങ്ങളെ വിഭജിക്കുന്നതിനാണ് ഹലാലിനെതിരായ ബിൽ അവതരിപ്പിക്കുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.