തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സംഘടിപ്പിക്കുന്ന ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ക്ഷണമില്ല. സർക്കാർ-ഗവർണർ പോര് രൂക്ഷമാകുന്നതിനിടെയാണ് ഗവർണറെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന വാർത്ത പുറത്തു വന്നത്. ഇന്ന് ഉച്ചക്ക് മസ്‌കറ്റ് ഹോട്ടലിൽ വെച്ചാണ് വിരുന്ന് നടക്കുന്നത്. സർവ്വകലാശാല വിഷയത്തിൽ ഉൾപ്പെടെ ഗവർണറും സർക്കാരും തമ്മിൽ അഭിപ്രായ ഭിന്നതയിലാണ്.
ഗവർണർമാരെ സാധാരണനിലയിൽ മുഖ്യമന്ത്രിയുടെ വിരുന്നിലേക്ക് ക്ഷണിക്കാറില്ല. ഗവർണർ എത്തുമ്പോൾ സുരക്ഷാമുൻകരുതലുകളും പ്രോട്ടോക്കോൾ നടപടികളും കാരണം മറ്റ് അതിഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ് ഗവർണറെ ഒഴിവാക്കിയിരുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തവണയും ഗവർണറെ ക്ഷണിക്കാതിരുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദമാക്കുന്നത്.
നേരത്തെ രാജ്ഭവനിൽ ഒരുക്കിയ ക്രിസ്മസ് വിരുന്നിലേക്ക് ഗവർണർ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ചിരുന്നു. എന്നാൽ, വിരുന്നിൽ മന്ത്രിമാരോ മുഖ്യമന്ത്രിയോ സ്പീക്കറോ പങ്കെടുത്തിരുന്നില്ല. എല്ലാവരും ക്ഷണം നിരസിക്കുകയായിരുന്നു. ഡിസംബർ 14 നാണ് രാജ്ഭവനിൽ ഗവർണർ വിരുന്ന് സംഘടിപ്പിച്ചത്.

