നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഗൂഗിൾ സിഇഒ; സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്തു

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ഡൽഹിയിൽ നടന്ന ഗൂഗിൾ ഫോർ ഇന്ത്യ എന്ന പരിപാടിക്ക് ശേഷമായിരുന്നു ഇരുവരും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കുതിച്ച് ഉയരുന്ന ഇന്ത്യയുടെ സാങ്കേതിക വളർച്ച പ്രചോദിപ്പിക്കുന്നുവെന്ന് സുന്ദർ പിച്ചൈ വ്യക്തമാക്കി. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വരാനിരിക്കുന്ന ജി 20 അധ്യക്ഷതയിലുൾപ്പടെ ഇന്ത്യൻ സർക്കാരുമായുള്ള സഹകരണം തുടരുമെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രിയോടൊപ്പമുള്ള കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങൾ അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തു. നരേന്ദ്ര മോദിയും ഈ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, ഗുഗിൾ സിഇഒ സുന്ദർപിച്ചൈയെ കണ്ടുമുട്ടിയതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രിയും ട്വിറ്റ് ചെയ്തു. ടെക്‌നോളജി ഉൾപ്പെടെയുള്ള വിഷയങ്ങൾ സുന്ദർ പിച്ചൈയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്‌തെന്നും അദ്ദേഹം അറിയിച്ചു.

മനുഷ്യന്റെ അഭിവൃദ്ധിക്കും സുസ്ഥിര വികസനത്തിനുമായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് ലോകം ഒരുമിച്ച് പ്രവർത്തിക്കുന്നത് പ്രധാനമാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.