തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര ആഘോഷ കാലത്തെ തിരക്കൊഴിവാക്കാൻ കൂടുതൽ ട്രെയിൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം. ഇക്കാര്യം ആവശ്യപ്പെട്ട് റെയിൽവേ ബോർഡ് ചെയർമാൻ വി.കെ.ത്രിപാഠിയ്ക്ക് കേരളം കത്തയച്ചു. റെയിൽവേ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാനാണ് ഇതുസംബന്ധിച്ച കത്ത് നൽകിയത്.
നിലവിലെ ട്രെയിനുകളിൽ കോച്ച് വർധിപ്പിക്കണമെന്ന ആവശ്യവും കത്തിൽ മുന്നോട്ടുവെയ്്ക്കുന്നുണ്ട്. അതേസമയം, കേരളത്തിന് കൂടുതൽ ട്രെയിനുകൾ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ എംപി വി.ശിവദാസനും റെയിൽവേ മന്ത്രിയ്ക്ക് കത്ത് നൽകിയിരുന്നു.
ഡൽഹി, ബെംഗളൂരു, മുംബൈ, ചെന്നൈ, കൊൽക്കത്ത നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് ആവശ്യമായ ട്രെയിനുകൾ ഇല്ലെന്നും വിമാനയാത്രക്കൂലി കുത്തനെ ഉയർന്നതോടെ വ്യോമയാത്ര അപ്രാപ്യമായ സാഹചര്യമാണെന്നും കത്തിൽ വിശദമാക്കുന്നു. അതിനാൽ കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

