റോസ് എന്തുകൊണ്ട് ജാക്കിനെക്കൂടി രക്ഷിച്ചില്ലയെന്ന് ടൈറ്റാനിക് പുറത്തിറങ്ങി കാല്‍നൂറ്റാണ്ട് പിന്നിടുമ്‌ബോഴും സിനിമാ പ്രേമികള്‍ ഇപ്പോഴും ചോദിക്കുന്ന ചോദ്യമാണ്. ജാക്കിനെ ക്രൂരമായി കൊലപ്പെടുത്തിയ സംവിധായകനെന്ന പഴി 25 വര്‍ഷമായി കേട്ട ജെയിംസ് കാമറൂണ്‍ ഇപ്പോഴിതാ നായകന്റെ മരണവുമായി ബന്ധപ്പെട്ട വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
അറ്റ്ലാന്റിക് സമുദ്രത്തിലെ കൊടുംതണുപ്പില്‍ മരപ്പലകയുടെ സഹായത്തോടെ പൊങ്ങിക്കിടന്ന റോസ് അല്‍പ്പം നീങ്ങിക്കൊടുത്തിരുന്നെങ്കില്‍ ജാക്കിന് കൂടി രക്ഷപ്പെടാമായിരുന്നു എന്ന സംവാദങ്ങള്‍ക്കാണ് സംവിധായകന്‍ മറുപടി നല്‍കുന്നത്. മരപ്പലകയില്‍ രണ്ടുപേര്‍ക്ക് കിടക്കാനാകുമായിരുന്നില്ലെന്നും ഇത് സ്ഥിരീകരിക്കുന്നതിനായി ഫോറന്‍സിക് പഠനം നടത്തിയെന്നുമാണ് ജെയിംസ് കാമറൂണ്‍ വ്യക്തമാക്കിയത്.
സിനിമയില്‍ ഉപയോഗിച്ച ചങ്ങാടം പുനര്‍നിര്‍മ്മിച്ചു. ഒരു ഹൈപ്പോഥെര്‍മിയ വിദഗ്ദ്ധന്റെ സഹായത്തോടെ സമഗ്രമായ ഫോറന്‍സിക് വിശകലനം നടത്തി. സിനിമയില്‍ ജാക്കും റോസുമായി എത്തിയ കേറ്റിന്റെയും ലിയോയുടെയും അതേ ശരീരഭാരമുള്ള രണ്ട് സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളെയാണ് പഠനത്തിനായി ഉപയോഗിച്ചത്. അവരുടെ പുറത്തും ഉള്ളിലുമായി സെന്‍സറുകള്‍ സ്ഥാപിച്ചു. തുടര്‍ന്ന് അവരെ ഐസ് വെള്ളത്തില്‍ ഇടുകയും അവര്‍ക്ക് തണുപ്പിനെ അവര്‍ക്ക് അതിജീവിക്കാന്‍ കഴിയുമോയെന്ന് വിവിധ രീതികളില്‍ പരീക്ഷിക്കുകയും ചെയ്തു. രണ്ടുപേരും അതിജീവിക്കുക എന്നത് സാദ്ധ്യമല്ലെന്നും ഒരാള്‍ക്ക് മാത്രമേ അതിജീവിക്കാന്‍ കഴിയൂവെന്നും കണ്ടെത്തിയെന്നും ജെയിംസ് കാമറൂണ്‍ വിശദീകരിച്ചു. ഫെബ്രുവരിയിലെ വാലന്റൈന്‍സ് വാരാന്ത്യത്തില്‍ പുറത്തിറങ്ങുന്ന ടൈറ്റാനിക് 4കെ പതിപ്പിനൊപ്പം റിലീസ് ചെയ്യാനിരിക്കുന്ന ഡോക്യുമെന്ററിയുടെ ഭാഗമായി ആണ് പഠനം നടത്തിയത്.

