ടോൾ പ്ലാസയിലെ പിരിവ്; കേന്ദ്ര നിർദ്ദേശത്തിനെതിരെ കണ്ണടച്ച് സംസ്ഥാന സർക്കാർ

പാലിയേക്കര: പാലിയേക്കര ടോൾ പ്ലാസയിലെ പിരിവ് അവസാനിപ്പിക്കാൻ സാധ്യതയൊരുക്കുന്ന കേന്ദ്ര നിർദേശം വന്നിട്ടും കണ്ണടച്ച് സംസ്ഥാന സർക്കാർ. 60 കിലോമീറ്ററിനുള്ളിൽ ഒന്നിലേറെ ടോൾ പ്ലാസകൾ വേണ്ടെന്ന തീരുമാനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം എടുത്തിട്ട് 9 മാസം പിന്നിട്ടിട്ടും ഈ ആവശ്യമുന്നയിച്ച് കേരളം ഇതുവരെ സമീപിച്ചിട്ടില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. കേന്ദ്ര മന്ത്രാലയം നൽകിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

ഈ നിയമപ്രകാരം ടോൾ പ്ലാസകൾ കുറയ്ക്കാൻ കർണാടക മഹാരാഷ്ട്ര സർക്കാരുകൾ കേന്ദ്രത്തിനു കത്തു നൽകിയിട്ടുണ്ട്. എന്നാൽ കേരളം ഇത്തരമൊരു ആവശ്യം ഉന്നയിച്ച് ഇതുവരെ കേരളത്തെ സമീപിച്ചിട്ടില്ല. ദേശീയപാതയുടെ മണ്ണുത്തി വടക്കഞ്ചേരി ആറുവരിപ്പാത മേഖലയിൽ പന്നിയങ്കരയിൽ അടുത്തിടെ ടോൾ പ്ലാസ തുറന്നിരുന്നു. ഇതോടെ ദേശീയപാത 544ൽ പന്നിയങ്കര, പാലിയേക്കര ടോൾ പ്ലാസകൾ തമ്മിൽ 40 കിലോമീറ്റർ ദൂരം മാത്രമാണുള്ളത്. പുതിയ നിയമപ്രകാരം ഇതിലൊരു ടോൾ പ്ലാസ നിർത്തലാക്കാം.

പാലിയേക്കര ടോൾപ്ലാസ നിർത്തുന്നതിനു നടപടിയെടുക്കുമെന്നു സംസ്ഥാന സർക്കാരും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സംസ്ഥാന പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസിൽ വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച ചോദ്യത്തിന് ‘ പരിശോധിച്ചു വരുന്നു’ എന്നാണ് ലഭിച്ച മറുപടി. ഇതുവരെ പാലിയേക്കര ടോളിൽ മുടക്കുമുതലിന്റെ ഇരട്ടിയോളം തുക പിരിച്ചു കഴിഞ്ഞു.