ഇന്ത്യയെ ലക്ഷ്യംവെച്ച് ചൈന യുദ്ധസന്നാഹം നടത്തുന്നുണ്ടെന്ന് റിപ്പോർട്ട്; ഉപഗ്രഹ ചിത്രങ്ങൾ പുറത്തു വന്നു

ന്യൂഡൽഹി: ഇന്ത്യക്കെതിരെ ചൈന നിർണായക നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഇന്ത്യയുടെ വടക്ക് – കിഴക്ക് മേഖലയെ ലക്ഷ്യംവെച്ച് ചൈന യുദ്ധസന്നാഹം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ടിബറ്റൻ മേഖലയിലെ പ്രധാന വ്യോമ താവളങ്ങളിൽ വൻതോതിൽ ഡ്രോണുകളും യുദ്ധ വിമാനങ്ങളും സജ്ജമാക്കി നിർത്തിയിരിക്കുന്നതിന്റെ ഉപഗ്രഹദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അരുണാചൽപ്രദേശ് അതിർത്തിയിൽ നിന്ന് 150 കിലോ മീറ്റർ മാത്രം ദൂരത്തുള്ള ചൈനയുടെ ബാങ്ദ വിമാനത്താവളത്തിൽനിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

അരുണാചൽപ്രദേശിലെ തവാങ്ങിൽ ഇന്ത്യ- ചൈന അതിർത്തി സംഘർഷം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഈ ഉപഗ്രഹ ചിത്രങ്ങൾ പുറത്തു വരുന്നത്. ചൈനയുടെ അത്യാധുനിക ഡ്രോൺ ആയ ‘സോറിങ് ഡ്രാഗൺ’ (WZ-7 Soaring Dragon) ഡ്രോണിന്റെ സാന്നിധ്യവും ചിത്രങ്ങളിൽ കാണുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അത്യാധുനിക സംവിധാനങ്ങളടങ്ങിയ സോറിങ് ഡ്രാഗൺ ചൈന പുറത്തിറക്കിയത് 2021-ലാണ്. 10 മണിക്കൂറോളം നിർത്താതെ പറക്കാനുള്ള കഴിവ് ഡ്രോണിനുണ്ട്. അരുണാചൽ പ്രദേശ് വ്യോമപാതകളിൽ ഇന്ത്യൻ സൈന്യം പട്രോളിങ് നടത്തുന്നുണ്ട്.