ട്വിറ്റര്‍ പ്രതിസന്ധിയിലായിരുന്ന സമയത്ത് വന്‍ മുന്നേറ്റം നടത്തിയ മൈക്രോബ്രോഗിങ് വെബ്സൈറ്റായ ഇന്ത്യന്‍ കമ്പനി ‘കൂ’വിന്റെ അക്കൗണ്ട് പൂട്ടിച്ച് ഇലോണ്‍ മസ്ക്. ട്വിറ്ററിന്റെ ഈ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങള്‍ ഒന്നടങ്കം പ്രതിഷേധിച്ചു. @kooeminence എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത്.
സോഷ്യല്‍ നെറ്റ്വര്‍ക്ക് കമ്പനിയുടെ തീരുമാനങ്ങളെ വിമര്‍ശിക്കുകയും തന്റെ പ്ലാറ്റ്ഫോം ‘ട്വിറ്ററിന് ഏറ്റവും മികച്ച ബദല്‍’ എന്ന് പ്രമോട്ട് ചെയ്യുകയും ചെയ്തുകൊണ്ട് മായങ്ക് ബിദാവത്ക തന്റെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടില്‍ മറ്റൊരു കുറിപ്പും പോസ്റ്റ് ചെയ്തു.
അതേസമയം, സിഎന്‍എന്‍, ന്യൂയോര്‍ക്ക് ടൈംസ് സ്ഥാപനങ്ങളിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ നിരോധിച്ചതില്‍ ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും മസ്കിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നു. ലോകമെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തകര്‍ സെന്‍സര്‍ഷിപ്പും മറ്റു ഭീഷണികളും അഭിമുഖീകരിക്കുന്ന സമയത്ത് ട്വിറ്ററിന്റെ നീക്കം അപകടകരമായ മാതൃകയാണെന്ന് യുഎന്‍ ചീഫ് അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് അഭിപ്രായപ്പെട്ടു. ട്വിറ്ററില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ഏകപക്ഷീയമായ സസ്പെന്ഷന് ആശങ്കാജനകമാണെന്ന് യൂറോപ്യന്‍ യൂണിയന് കമ്മീഷണര്‍ വെരാ ജൗറോവയും പറഞ്ഞു. ട്വിറ്ററില്‍ സ്വതന്ത്രമായി സംസാരിക്കാന്‍ അവസരമൊരുക്കുമെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമാണിതെന്ന് മറ്റു പലരും ചൂണ്ടിക്കാട്ടി.

