‘ഒരു കലാരൂപത്തെ ഇത്തരത്തില്‍ നിരീക്ഷണങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും ഇരയാക്കുന്നതില്‍ ദുഃഖം’; ‘പത്താന്‍’ വിവാദത്തില്‍ പൃഥ്വിരാജ്‌

ഷാരൂഖ് ഖാന്റെ പത്താന്‍ എന്ന ചിത്രത്തെ സംബന്ധിച്ചുള്ള വിവാദത്തില്‍ പ്രതികരണവുമായി പൃഥ്വിരാജ്. കാപ്പ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ്മീറ്റിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഒരു കലാരൂപത്തെ ഇത്തരത്തില്‍ നിരീക്ഷണങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും ഇരയാക്കുന്നതില്‍ ദുഃഖമുണ്ടെന്ന് പൃഥ്വി പ്രതികരിച്ചു.

അതേസമയം, പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് പത്താന്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ചിത്രത്തിലെ ബെഷ്‌റം രംഗ് എന്ന ഗാനം പുറത്തിറങ്ങിയത്. ഇതില്‍ ദീപിക കാവി നിറത്തിലുള്ള ഒരു ബിക്കിനി ധരിച്ചത് ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയും, ചിലര്‍ സിനിമ ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെ മുംബൈ പൊലീസ് ചിത്രത്തിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന പഠാന്‍ സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പത്താന്‍ തിയേറ്ററുകളിലെത്തും. ചിത്രം അടുത്തവര്‍ഷം ജനുവരി 25ന് റിലീസ് ചെയ്യും.