‘നിങ്ങളുടെ പിന്തുണ മനോഹരം, നന്ദി; കേരളത്തിനും ഇന്ത്യക്കും നന്ദി അറിയിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

ദോഹ: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന ടീമിനെ പിന്തുണച്ചതിന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ കേരളത്തിനും ഇന്ത്യക്കും നന്ദി അറിയിച്ചു. പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ആരാധകര്‍ക്കും നന്ദി അറിയിച്ചിട്ടുണ്ട്. ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ട്വിറ്റര്‍ പേജിലാണ് അസോസിയേഷന്റെ പ്രതികരണം.

കേരളത്തിനും ഇന്ത്യക്കും ബംഗ്ലാദേശിനും പാക്കിസ്ഥാനും നന്ദിയെന്നും നിങ്ങളുടെ പിന്തുണ മനോഹരമാണെന്നുമാണ് ട്വീറ്റ്. മൂന്ന് രാജ്യങ്ങളുടെ പേരില്‍ കേരളത്തിന്റെയും പേരെടുത്ത് പറഞ്ഞത് ശ്രദ്ധേയമാണ്.

അതേസമയം, കോഴിക്കോട് പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച ലയണല്‍ മെസിയുടെ കട്ടൗട്ട് ലോകമെമ്പാടുമുള്ള പ്രമുഖ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. അര്‍ജന്റീനിയന്‍ മാധ്യമങ്ങളും ഇതിന്റെ ചിത്രം പങ്കു വെച്ചിരുന്നു. ഇന്നലെ നടന്ന ഫൈനലില്‍ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് അര്‍ജന്റീന ലോകചാമ്പ്യന്മാരായത്. അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസിയാണ് ടൂര്‍ണമെന്റിലെ താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കിയത്. ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെക്കാണ് ഗോള്‍ഡന്‍ ബൂട്ട്. അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസാണ് ഗോള്‍ഡന്‍ ഗ്ലൗ നേടിയത്.