പാകിസ്ഥാനിലെ പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം കൈക്കലാക്കി പാക് തെഹ്രീക് താലിബാന്‍

കറാച്ചി: പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ഒരു പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം കൈക്കലാക്കി പാക് തെഹ്രീക് താലിബാന്‍ (ടിടിപി). ആയുധധാരികളായ ഭീകരര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചു കയറുകയും സ്റ്റേഷനില്‍ തടവില്‍ സൂക്ഷിച്ചിരുന്ന തങ്ങളുടെ സഹപ്രവര്‍ത്തകരെ ഭീകരര്‍ മോചിപ്പിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

പൊലീസ് സ്റ്റേഷനിലെ ആയുധങ്ങള്‍ ഇവര്‍ കൈക്കലാക്കി. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ഒമ്ബതുപേര്‍ തങ്ങളുടെ കസ്റ്റഡിയില്‍ ഉണ്ടെന്ന് തെളിയിക്കുന്ന വീഡിയോയും ഭീകരര്‍ പുറത്തുവിട്ടിട്ടുണ്ട്. വിമാനമാര്‍ഗം തങ്ങള്‍ക്ക് അഫ്ഗാനിസ്ഥാനിലേക്ക് പോകാനുള്ള അവസരമൊരുക്കിയാല്‍ ബന്ദികളെ മോചിപ്പിക്കാമെന്ന് ഭീകരര്‍ സമ്മതിച്ചിട്ടുണ്ട്. പ്രദേശത്തേക്ക് കൂടുതല്‍ പൊലീസിനെയും സൈന്യത്തെയും എത്തിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ അതിര്‍ത്തിപ്രദേശങ്ങളുടെ നിയന്ത്രണം കൈക്കലാക്കാനുള്ള ശ്രമങ്ങള്‍ താലിബാന്‍ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഇന്നലെ പുലര്‍ച്ചെ തെക്കന്‍ വസീറിസ്ഥാന്‍ ഗോത്രവര്‍ഗ ജില്ലയുടെ അതിര്‍ത്തിയിലുള്ള ലക്കി മര്‍വാട്ടിലെ പൊലീസ് സ്റ്റേഷനില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാല് പൊലീസുകാര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാകിസ്ഥാന്‍ സര്‍ക്കാരുമായി ഏര്‍പ്പെട്ടിരുന്ന വെടിനിറുത്തല്‍ കരാറില്‍ നിന്ന് ടിടിപി കഴിഞ്ഞമാസം ഏകപക്ഷീയമായി പിന്മാറുകയും രാജ്യത്തുടനീളം ആക്രമണങ്ങള്‍ നടത്താന്‍ തങ്ങളുടെ പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.