ബഫർ സോൺ വിഷയം; ശക്തമായ പ്രതിഷേധ നടപടിക്കൊരുങ്ങി കോൺഗ്രസ്

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ ശക്തമായ പ്രതിഷേധ നടപടിക്കൊരുങ്ങി കോൺഗ്രസ്. സംസ്ഥാന സർക്കാർ കാട്ടുന്ന അലംഭാവം ഉപേക്ഷിച്ച് ബഫർ സോൺ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റാൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും സംയുക്ത യോഗം തീരുമാനിച്ചു. സംഘടനാ ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്റർ നടത്തിയ ഉപഗ്രഹ സർവ്വേ സാധാരണ ജനങ്ങൾക്ക് കടുത്ത ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അശാസ്ത്രീയവും അപൂർണ്ണവുമായ ഉപഗ്രഹ സർവെ ആരെ തൃപ്തിപ്പെടുത്താനാണെന്നത് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗ്രൗണ്ട് സർവേയും പഠനവും നടത്തി ബഫർ സോൺ പരിധി നിശ്ചയിക്കണം. അതിന് കൂടുതൽ സമയം അനുവദിക്കണമെന്ന കരുതൽ മേഖലയിലെ ജനങ്ങളുടെ പരാതിയും ന്യായമാണ്. ജനങ്ങളുടെ ജീവൽ പ്രശ്‌നമാണിത്. അത് കൈകാര്യം ചെയ്യുന്നതിൽ സർക്കാർ കൂടുതൽ ജാഗ്രത പുലർത്തണം. തട്ടിക്കൂട്ട് സർവെ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് രക്ഷപെടാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെങ്കിൽ കേരളീയ സമൂഹത്തെ വെല്ലുവിളിച്ച് നടപ്പാക്കാൻ ശ്രമിച്ച സിൽവർ ലൈൻ പദ്ധതിയിൽ നേരിട്ട അനുഭവമായിരിക്കും ബഫർ സോൺ വിഷയത്തിലും ജനവിരുദ്ധ സർക്കാരിനെ കാത്തിരിക്കുന്നത്. ബഫർ സോൺ മേഖലകളിലെ ജനങ്ങളെ സംഘടിപ്പിച്ച് ആദ്യഘട്ട പ്രക്ഷോഭ പരിപാടികൾക്ക് കെപിസിസി നേതൃയോഗം രൂപം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

വിലക്കയറ്റം, അഴിമതി,സ്വജനപക്ഷപാതം,പോലീസ് രാജ് തുടങ്ങി ജനദ്രോഹ ഭരണത്താൽ അനുദിനം ജീർണ്ണമായിക്കൊണ്ടിരിക്കുന്ന പിണറായി സർക്കാരിനെതിരെ കോൺഗ്രസ് നടത്തിവരുന്ന പൗരവിചാരണയുടെ മൂന്നാംഘട്ടമായി അരലക്ഷംപേർ പങ്കെടുക്കുന്ന സെക്രട്ടറിയേറ്റ് വളയൽ സമരം 2023 ജനുവരി അവസാനവാരം സംഘടിപ്പിക്കും. പിണറായി സർക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനെതിരായ ഏറ്റവും ശക്തമായ പ്രതിഷേധത്തിന്റെ തീവ്രമുഖമായിരിക്കും സെക്രട്ടറിയേറ്റ് വളയൽ സമരമെന്ന് യോഗം വിലയിരുത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 138 -ാം ജന്മവാർഷികത്തിൻറെ ഭാഗമായി ഡിസംബർ 28ന് വിപുലമായ ആഘോഷ പരിപാടികൾക്ക് യോഗം രൂപം നൽകി. മണ്ഡലം തലത്തിൽ വിപുലമായ മതേതര സദസ്സുകളും ജന്മദിന റാലികളും നടത്തും. ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി ഐഎസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ സംസ്ഥാന തലസ്ഥാനത്ത് നടക്കുന്ന മഹിളാമാർച്ച് വൻ വിജയമാക്കാനും യോഗം തീരുമാനിച്ചു.

കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ ചരിത്രവിജയമാക്കാൻ പ്രയത്‌നിച്ച എല്ലാ കോൺഗ്രസ് പ്രവർത്തകരെയും കേരളത്തിലെ ജനാധിപത്യബോധമുള്ള ജനങ്ങളെയും യോഗം അഭിവാദ്യം ചെയ്തു. ജോഡോ യാത്രയുടെ സന്ദേശം താഴെത്തട്ടിൽ ജനങ്ങളിലെത്തിക്കുന്നതിനായി ഹാത് സെ ഹാത് ജോഡോ അഭിയാൻ എന്ന പേരിൽ ബ്ലോക്ക്-മണ്ഡലം- ബൂത്ത് തലങ്ങളിൽ പദയാത്രകൾ സംഘടിപ്പിക്കും. ഭാരത് ജോഡോ യാത്രയുടെ സംസ്ഥാനത്തെ അഭൂതപൂർവ്വമായ ജനസഞ്ചയത്തിന്റെയും മുന്നേറ്റത്തിൻറെയും ദൃശ്യാനുഭവങ്ങളുടെയും നേർചിത്രം രേഖപ്പെടുത്തുന്ന ഫോട്ടോപ്രദർശനം സംഘടിപ്പിക്കും.

പിണറായി സർക്കാരിനെതിരായ പൗരവിചാരണ സമരത്തിൻറെ ഭാഗമായി ബ്ലോക്ക് തലത്തിൽ സംഘടിപ്പിക്കുന്ന വാഹനജാഥകൾ വലിയ വിജയമാണെന്നും ശേഷിക്കുന്നവ ഡിസംബർ 30നകം പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി. എൽഡിഎഫ് സർക്കാരിനെതിരായ സമരപരമ്പരകളുടെ തുടർച്ചയായി സംസ്ഥാനത്ത് ആയിരം കേന്ദ്രങ്ങളിൽ വിശദീകരണ പൊതുയോഗങ്ങൾ ജനുവരി 15നകം പൂർത്തീകരിക്കുമെന്നും വാർത്താക്കുറിപ്പിൽ വിശദമാക്കുന്നു.