സി കെ ശ്രീധരൻ സ്ത്രീയായി ജനിക്കാതിരുന്നത് കാഞ്ഞങ്ങാട്ടുകാരുടെയും കേരളത്തിന്റെയും ഭാഗ്യം; വിവാദ പരാമർശവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

കാസർഗോഡ്: സി കെ ശ്രീധരനെതിരെ വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ. സി കെ ശ്രീധരൻ സ്ത്രീയായി ജനിക്കാതിരുന്നത് കാഞ്ഞങ്ങാട്ടുകാരുടെയും കേരളത്തിന്റെയും ഭാഗ്യമാണെന്നായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താന്റെ പരാമർശം. പണത്തിന് വേണ്ടി അവിശുദ്ധബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് ശ്രീധരനെന്നും അദ്ദേഹം ആരോപിച്ചു.

പെരിയ കൊലക്കേസ് പ്രതികൾക്കായി കേസ് വാദിക്കുന്നത് കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ സി കെ ശ്രീധരനാണ്. കേസ് ഏറ്റെടുക്കാമെന്നു കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തെ വിശ്വസിപ്പിച്ച ശേഷം തിരക്കാണെന്നു പറഞ്ഞു പിന്മാറുകയായിരുന്നു ഇയാൾ. സർക്കാർ കൊലപാതകികൾക്ക് ഒപ്പമാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി.

യൂദാസും പിലാത്തോസും കൂടി ചേരുന്നതാണ് സി കെ ശ്രീധരൻ. ശ്രീധരൻ കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയർമാൻ ആയത് ബിജെപിയുടെ പിന്തുണയോടെയാണ്. അങ്ങനെ വൈസ് ചെയർമാൻ സ്ഥാനം അലങ്കരിച്ച ആൾ ഇന്ന് ബിജെപിക്ക് എതിരാണെന്നു പറയുന്നത് എന്തു മാന്യതയാണ്. പെരിയ ഇരട്ടക്കൊലപാതകത്തിൽ ഇരകൾക്കൊപ്പം നിന്ന ശ്രീധരൻ ഇന്ന് കോട്ടിട്ട് വേട്ടക്കാർക്ക് വേണ്ടി വാദിക്കുന്ന വിചിത്രമായ കാഴ്ച നാം കാണേണ്ടി വരും. ശ്രീധരൻ നടത്തിയത് ചതിയും വഞ്ചനയുമാണെന്നും അദ്ദേഹം വിമർശിച്ചു.