ഖത്തര്‍ ലോകകപ്പ്: അര്‍ജന്റനീയ്ക്ക് കിരീടം

ദോഹ: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റനീയ്ക്ക് കിരീടം. ആദ്യ ഇരുപകുതികളിലും അധികസമയത്തുമായി 3-3 സമനിലയില്‍ പിരിഞ്ഞ ശേഷം പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് മെസ്സിപ്പട കിരീടം നേടിയത്. ഷൂട്ടൗട്ടില്‍ നാലു അര്‍ജന്റീനന്‍ താരങ്ങള്‍ ഗോളടിച്ചപ്പോള്‍ ഫ്രഞ്ച് പടയില്‍ രണ്ടുപേര്‍ക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്. ഗോണ്‍സാലോ മോണ്ടിയേല്‍, ലിയനാര്‍ഡോ പരേഡെസ്, പൗലോ ഡിബാലാ, ലയണല്‍ മെസി എന്നിവരാണ് നീലപ്പടക്കായി ഗോളടിച്ചത്. ഫ്രാന്‍സ് നിരയില്‍ രണ്ടല്‍ കോലോ മുവാനിയും എംബാപ്പെയും ലക്ഷ്യം കണ്ടു. എന്നാല്‍ ഷുവാമെനിയും കൂമാനും അവസരം നഷ്ടപ്പെടുത്തി. ഷൂട്ടൗട്ടില്‍ കൂമാന്റെ കിക്ക് മാര്‍ട്ടിനെസ് തടുത്തപ്പോള്‍ ഷുവാമെനി പുറത്തേക്കടിച്ചു. ഇതോടെ 60 വര്‍ഷത്തിന് ശേഷം ലോകകപ്പില്‍ തുടര്‍ കിരീടമെന്ന് ഫ്രാന്‍സിന്റെ സ്വപ്നം പൊലിഞ്ഞു.

ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ ലയണല്‍ മെസി നേടി. എന്നാല്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് അവാര്‍ഡ് കിലിയന്‍ എംബാപ്പെക്കാണ് ലഭിച്ചത്. ഫൈനലിലെ ഹാട്രിക്കടക്കം എട്ട് ഗോളാണ് താരം നേടിയത്. എന്നാല്‍ ഏഴു ഗോളാണ് അര്‍ജന്റീനന്‍ നായകന്‍ അടിച്ചത്. എന്‍സോ ഫെര്‍ണാണ്ടസാണ് ലോകകപ്പിലെ മികച്ച യുവതാരം. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ അര്‍ജന്റീനയുടെ വല കാത്ത എമിലിയാനോ മാര്‍ട്ടിനെസിനാണ്.

ആദ്യ പകുതി മുതല്‍ രണ്ടു ഗോളുമായി മുന്നിട്ടു നിന്ന അര്‍ജന്റീനക്കെതിരെ എംബാപ്പെയിലൂടെ ഫ്രാന്‍സ് തിരിച്ചുവരികയായിരുന്നു. എയ്ഞ്ചല്‍ ഡി മരിയയും ലയണല്‍ മെസിയുമാണ് ആദ്യം നീലപ്പടയ്ക്ക് ലീഡ് നേടിക്കൊടുത്തത്. 80ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയും 81ാം മിനുട്ടില്‍ മികച്ച മുന്നേറ്റത്തിലൂടെയുമാണ് എംബാപ്പെ ഗോളടിച്ചത്. എന്നാല്‍ 108ാം മിനുട്ടില്‍ മെസി തനിസ്വരൂപം പുറത്തെടുക്കുകയായിരുന്നു. ലൗത്താരോ മാര്‍ട്ടിനെസിന്റെ ഷോട്ട് ലോറിസ് തടുത്തിട്ടത് മെസിയുടെ മുമ്ബിലേക്കായിരുന്നു. ഇതോടെ മെസി ഗോള്‍ പോസ്റ്റിലേക്ക് തൊടുത്തു. പന്ത് ഉപമെകാനോ തടഞ്ഞെങ്കിലും ഗോള്‍വര കടന്നിരുന്നു. പക്ഷേ അര്‍ജന്റീനയ്ക്ക് ആശ്വസിക്കാന്‍ എംബാപ്പെ അവസവരം നല്‍കിയില്ല. 118ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ കിടിലന്‍ താരം വീണ്ടും എതിര്‍വല കുലുക്കി. ഇതോടെ മത്സരം 3-3 സമനിലയില്‍ നിര്‍ത്തി ഷൂട്ടൗട്ടിലേക്ക് പോകുകയായിരുന്നു.

23ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയാണ് അര്‍ജന്റീന ആദ്യ ലീഡ് നേടിയത്. 20ാം മിനുട്ടില്‍ എയ്ഞ്ചല്‍ ഡി മരിയയെ ഉസ്മാന്‍ ഡെംബലെ വീഴ്ത്തിയതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റിയാണ് മെസി ഗോളാക്കിയത്. തുടര്‍ന്ന് 36ാം മിനുട്ടിലാണ് രണ്ടാം ഗോള്‍ പിറന്നത്. മക് അല്ലിസ്റ്ററുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. 45ാം മിനുട്ടില്‍ ഫ്രഞ്ച് പോസ്റ്റില്‍ അര്‍ജന്റീനയ്ക്ക് ലഭിച്ച അവസരം ലോറിസ് വിഫലമാക്കി. 95ാം മിനുട്ടില്‍ എംബാപ്പെയും കാമവിങ്കയും നടത്തിയ മുന്നേറ്റവും 96ാം മിനുട്ടില്‍ മെസിയുടെ ഗോളെന്നുറച്ച ഷോട്ടും വിഫലമായി. ഫ്രാന്‍സിന്റെ മുന്നേറ്റം അര്‍ജന്റീനന്‍ പ്രതിരോധം തടഞ്ഞപ്പോള്‍ മെസിയുടെ ഷോട്ട് ലോറിസ് തട്ടിമാറ്റി.