2022ലെ ജനപ്രിയമായ 10 ഇന്ത്യന്‍ സിനിമകളുടെ പട്ടിക പുറത്തു വിട്ട് ഐഎംബിഡി

ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് ലോക സിനിമാ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഒരുപിടി മികച്ച ചിത്രങ്ങള്‍ നല്‍കിയ വര്‍ഷമാണ് 2022. 2022ലെ ഏറ്റവും ജനപ്രിയമായ 10 ഇന്ത്യന്‍ സിനിമകളുടെ പട്ടിക പുറത്തു വിട്ടിരിക്കുകയാണ് IMDb. തെലുങ്ക്, കന്നഡ, തമിഴ് സിനിമകള്‍ക്കൊപ്പം ഒരു ഹിന്ദി ചിത്രം മാത്രമാണ് പട്ടികയില്‍ ഇടം നേടിയത്. IMDb റിപ്പോര്‍ട്ട് പ്രകാരം, പട്ടികയില്‍ ഇടം നേടിയ സിനിമകള്‍ക്ക് അവരുടെ വെബ്സൈറ്റില്‍ പ്രതിമാസം 200 ദശലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചു.

ഏറ്റവും ജനപ്രിയമായ 10 സിനിമകള്‍

  1. ആര്‍ആര്‍ആര്‍

എസ്.എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ആര്‍ആര്‍ആര്‍ ആണ് IMDb പുറത്തുവിട്ട പട്ടികയില്‍ ഒന്നാമത്. ബോക്‌സ്ഓഫീസില്‍ 1000 കോടിക്കു മുകളില്‍ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ലോകശ്രദ്ധയും പിടിച്ചുപ്പറ്റി. രാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ആര്‍ആര്‍ആര്‍ 2022-ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറി.

  1. കശ്മീര്‍ ഫയല്‍സ്

53-ാമത് ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ‘പ്രൊപ്പഗണ്ട’ എന്ന് ഐഎഫ്എഫ്ഐ ജൂറി മേധാവി നദവ് ലാപിഡ് കശ്മീര്‍ ഫയല്‍സിനെ വിശേഷിപ്പിച്ചത് അടുത്തിടെ ഏറെ വിവാദമായിരുന്നു. 2022-ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചാ വിഷയമായ ചിത്രമാണ് വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത കശ്മീര്‍ ഫയല്‍സ്. 1990 കളില്‍ കശ്മീരില്‍ നിന്നുള്ള ഹിന്ദുക്കളുടെ പലായനവും അവരുടെ ദുരന്ത ജീവിതത്തിന്റെ നേര്‍ ചിത്രവും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച ചിത്രം 300 കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. അനുപം ഖേര്‍ , പല്ലവി ജോഷി, ദര്‍ശന്‍ കുമാര്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

  1. കെജിഎഫ്: 2

ഈ വര്‍ഷത്തെ ഇന്ത്യയിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു ചിത്രം. കന്നഡ സൂപ്പര്‍ താരം യാഷ് പ്രധാന വേഷത്തില്‍ അഭിനയിച്ച ചിത്രം പ്രശാന്ത് നീലാണ് സംവിധാനം ചെയ്തത്.

  1. വിക്രം

2018-ല്‍ പുറത്തിറങ്ങിയ വിശ്വരൂപം 2-ന് ശേഷം റിലീസ് ചെയ്ത ഒരു കമല്‍ഹാസന്‍ ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം. കമല്‍ഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയും മുഴുനീള റോളില്‍ ചിത്രത്തില്‍ അഭിനയിച്ചു. ക്ലൈമാക്‌സ് രംഗത്തിലൂടെ തമിഴ് നടന്‍ സൂര്യയും പ്രേക്ഷകരെ ഞെട്ടിച്ചു. കമല്‍ഹാസന് വലിയ ഒരു തിരിച്ചു വരവ് സമ്മാനിച്ച ചിത്രമായിരുന്നു വിക്രം.

  1. കാന്താര

ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റാണ് ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കന്നഡ ചിത്രം കാന്താര. വെറും 16 കോടിക്കു നിര്‍മ്മിച്ച ചിത്രം 300 കോടിക്കു മുകളിലാണ് സ്വന്തമാക്കിയത്. ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടായിരുന്നില്ല കാന്താര റിലീസിനെത്തിയത്. എന്നാല്‍ പ്രേക്ഷക പ്രശംസ പിടിച്ചുപ്പറ്റിയോതോടെ തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും റിലീസ് ചെയ്യുകയായിരുന്നു. സംസ്‌കാരത്തില്‍ അടിയുറച്ച് നിന്നുകൊണ്ട് അണിയിച്ചൊരുക്കിയ ചിത്രം ഓരോ ഭാരതീയനെയും രോമാഞ്ചം കൊള്ളിച്ചു.

  1. റോക്കട്രി: നമ്ബി ഇഫക്റ്റ്

ശാസ്ത്രജ്ഞനായ നമ്ബി നാരായണന്റെ ജീവിതകഥ പറയുന്ന ചിത്രമായിരുന്നു റോക്കട്രി: ദി നമ്ബി ഇഫക്റ്റ്. മാധവന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്ന ഇത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്‌തെങ്കിലും കാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് ആദ്യം പ്രദര്‍ശിപ്പിച്ചത്.

  1. മേജര്‍

അദിവി ശേഷ് പ്രധാന വേഷത്തില്‍ അഭിനയിച്ച മേജര്‍, മുംബൈയിലെ 26/11 ആക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥയാണ് പറയുന്നത്. തീവ്രവാദ ആക്രമണത്തില്‍ മുംബൈയിലെ താജ് ഹോട്ടലിനുള്ളില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാന്‍ സ്വയം ജീവന്‍ ത്യാഗം ചെയ്ത ധീര സൈനികന്റെ ജീവിതം സിനിമയായപ്പോള്‍ കണ്ടിരുന്ന ഓരോ ഭാരതീയന്റെയും കണ്ണു നിറഞ്ഞു.

  1. സീതാ രാമം

ദുല്‍ഖര്‍ സല്‍മാനും മൃണാള്‍ താക്കൂറും അഭിനയിച്ച മികച്ച ഒരു പ്രണയ ചിത്രമാണ് സീതാ രാമം. തെലുങ്കില്‍ വലിയ ഹിറ്റായതോടെ വിവിധ ഭാഷകളില്‍ ചിത്രം നിര്‍മ്മാതാക്കള്‍ പുറത്തിറക്കുകയായിരുന്നു. പ്രണയ കഥയ്ക്ക് പഴയപോലെ സ്വീകാര്യത ഇല്ലെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് മുന്നില്‍ വലിയ വിജയം സ്വന്തമാക്കി സീതാ രാമം.

  1. പൊന്നിയിന്‍ സെല്‍വന്‍: ഭാഗം ഒന്ന്

വന്‍ താരനിരയെ അണി നിരത്തി മണി രത്‌നം ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു പൊന്നിയിന്‍ സെല്‍വന്‍. വിക്രം, ഐശ്വര്യ റായ്, കാര്‍ത്തി, തൃഷ, ജയം രവി, ജയറാം, റഹ്മാന്‍ തുടങ്ങി വലിയ താര നിര അണിനിരന്ന ചിത്രം കല്‍ക്കിയുടെ നോവലിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. 500 കോടിക്ക് മുകളിലാണ് ചിത്രം കളക്ഷന്‍ സ്വന്തമാക്കിയത്.

  1. 777 ചാര്‍ലി

രക്ഷിത് ഷെട്ടി, സംഗീത ശൃംഗേരി തുടങ്ങിയവര്‍ അഭിനയിച്ച 777 ചാര്‍ലി സംവിധാനം ചെയ്തത് കിരണ്‍രാജാണ്. ഒരു നായയും ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരു ഫാക്ടറി തൊഴിലാളിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് 777 ചാര്‍ലി. വളരെ കുറച്ചു തിയറ്ററുകളില്‍ മാത്രം റിലീസ് ചെയ്ത ചിത്രം മികച്ച നിരൂപക പ്രശംസ പിടിച്ചുപ്പറ്റി. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട കന്നഡ ചിത്രങ്ങളില്‍ ഒന്നായി ഈ ചിത്രം മാറി.