ന്യൂഡൽഹി: വാഹനങ്ങൾ ഭാരത് സീരീസിലേക്ക് (ബിഎച്ച്) മാറ്റാൻ ചട്ടം പരിഷ്‌കരിച്ച് വിജ്ഞാപനം ഇറക്കി കേന്ദ്ര ഗതാഗത മന്ത്രാലയം. നിലവിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ ഇനി ഭാരത് സീരിസിലേക്ക് മാറ്റാം. സ്വകാര്യ വാഹനങ്ങളുടെ സംസ്ഥാനാന്തര രജിസ്‌ട്രേഷൻ ഒഴിവാക്കാനാണ് ഏകീകൃത സംവിധാനമായ ബിഎച്ച് സീരീസ് കേന്ദ്ര സർക്കാർ ആവിഷ്‌ക്കരിച്ചത്.
2021 ഓഗസ്റ്റിലാണ് കേന്ദ്രം ബിഎച്ച് സീരീസ് കൊണ്ടുവന്നത്. കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർ, ബാങ്ക് ജോലിക്കാർ, പ്രതിരോധ മേഖലയിലുള്ളവർ, വിവിധ സംസ്ഥാനങ്ങളിൽ ഓഫീസുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്കാണ് ഈ സംവിധാനം പ്രയോജനപ്പെടുക. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ബിഎച്ച് സീരീസ് രജിസ്‌ട്രേഷൻ ലഭിക്കാൻ നടപടികൾ ലഘൂകരിക്കുകയും ചെയ്തിട്ടുണ്ട്.
പുതിയ വാഹനങ്ങൾക്ക് മാത്രം ബിഎച്ച് റജിസ്‌ട്രേഷൻ നൽകുക എന്ന വ്യവസ്ഥയാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനം നിശ്ചിത തുക അടച്ചാൽ ബിഎച്ച് സീരീസിലേയ്ക്ക് മാറ്റാം. ബിഎച്ച് സീരീസ് വാഹനങ്ങളുടെ ഉടമസ്ഥാവകാശം വ്യക്തികൾക്ക് കൈമാറ്റം ചെയ്യാം.
തൊഴിലിടത്തിന്റെയോ താമസ സ്ഥലത്തിന്റെയോ വിലാസത്തിൽ ബിഎച്ച് സീരീസിനായി അപേക്ഷിക്കാം. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വർക്കിങ് സർട്ടിഫിക്കറ്റും സർക്കാർ ജീവനക്കാർക്ക് സർവീസ് സർട്ടിഫിക്കറ്റും സമർപ്പിക്കാമെന്നും പുതിയ വിജ്ഞാപനത്തിൽ പറയുന്നു.

