ന്യൂഡൽഹി: ഓരോ വർഷവും നൂറുകണക്കിന് പേരാണ് വീട്ടുകാരുടെയും ബന്ധുക്കളുടെയും താത്പര്യങ്ങൾക്ക് വിരുദ്ധമായി വിവാഹം കഴിച്ചതിന്റെ പേരിൽ കൊല്ലപ്പെടുന്നതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. നൂറുകണക്കിനാളുകൾ ഓരോ വർഷവും തങ്ങളുടെ ജാതിക്ക് പുറത്ത് പ്രണയിച്ചതിനും വിവാഹം കഴിച്ചതിനും അല്ലെങ്കിൽ അവരുടെ കുടുംബങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ചതിന്റെയും പേരിൽ കൊല്ലപ്പെടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമവും സദാചാരവും എന്ന വിഷയത്തിൽ മുംബൈയിൽ അശോക് ദേശായി സ്മാരക പ്രഭാഷണം നടത്തവെ ഉയർന്ന ഒരു ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഉത്തർപ്രദേശിൽ നടന്ന ഒരു ദുരഭിമാന കൊലയും അദ്ദേഹം ഉദ്ധരിച്ചു. ഗ്രാമീണർ ഈ കൊലപാതകം ന്യായവും നീതിയുമാണെന്നാണ് കരുതിയത്. തങ്ങൾ ജീവിക്കുന്ന സമൂഹത്തിന്റെ പെരുമാറ്റചട്ടം പാലിക്കപ്പെട്ടുവെന്നാണ് അവർ കരുതുന്നത്. അപ്പോൾ ആരാണ് സമൂഹത്തിലെ പെരുമാറ്റ ചട്ടം തീരുമാനിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. ഭരണഘടനയുടെ രൂപീകരണത്തിന് ശേഷവും നിയമം പ്രബല സമുദായത്തിന്റെ സദാചാരം അടിച്ചേൽപ്പിക്കുന്നു. നമ്മുടെ പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ ഭൂരിപക്ഷ വോട്ടിലൂടെയാണ് നിയമങ്ങൾ പാസാക്കുന്നത്. അതിനാൽ, പൊതു ധാർമ്മികതയെ ചുറ്റിപ്പറ്റിയുള്ള വ്യവഹാരങ്ങളും പലപ്പോഴും ഭൂരിപക്ഷം നടപ്പിലാക്കുന്ന നിയമത്തിലേക്ക് കടന്നുവരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ത്രീപീസ് സ്യൂട്ട് ധരിച്ചുകൊണ്ട് ഡോ അംബേദ്കർ വിപ്ലവകരമായ പ്രസ്താവനയാണ് നടത്തിയത്. അടിച്ചമർത്തപ്പെട്ട തന്റെ സമുദായത്തിന്റെ സത്വം വീണ്ടുടെക്കാനാണ് അദ്ദേഹം ഇത്തരത്തിൽ വസ്ത്രം തിരഞ്ഞെടുത്തതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നതിൽ നിന്ന് നേരത്തെ ദളിതരെ വിലക്കിയിരുന്നു. ഓരോ വ്യക്തിക്കും സമൂഹത്തിനും സമുദായത്തിനും അതിന്റേതായ സദാചാരമുണ്ടെന്നും ഡി വൈ ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു.

