തിരുവനന്തപുരം: സർക്കാർ പ്രവർത്തിക്കുന്നത് ജനങ്ങളുടെ താൽപര്യമനുസരിച്ചാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉപഗ്രഹ സർവ്വേയുടെ പിന്നിൽ ഉണ്ടായിരുന്നത് സദുദ്ദേശം മാത്രമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഉപഗ്രഹ സർവ്വേയിൽ എല്ലാകാര്യങ്ങളും ഉൾപ്പെടുന്നില്ലെന്ന് സർക്കാരിന് തന്നെ ബോധ്യപ്പെട്ടെന്നും ഇതൊരു അന്തിമ രേഖയല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
ബഫർസോൺ വിഷയത്തിൽ കോടതി വിധിയിൽ എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്കാൻ സർക്കാർ സന്നദ്ധമാണ്. കേന്ദ്ര സർക്കാരിന് ആവുന്നത് അവരും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രങ്ങളിൽ സാധാരണ ജീവിതം നയിക്കാനാകണം. പരാതികൾ രേഖപ്പെടുത്താൻ അവസരമുണ്ട്. ഇതിനായി വാർഡ് അടിസ്ഥാനത്തിലുള്ള പ്രവർത്തനം നടക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബഫർ സോൺ വിഷയത്തിൽ കുറ്റമറ്റ റിപ്പോർട്ട് കോടതി മുമ്പാകെ സമർപ്പിക്കും. ചില പ്രത്യേക നീക്കങ്ങളുടെ ഭാഗമായി ചില കാര്യങ്ങൾ നടക്കുന്നുവെന്നും അതിന് പിന്നിൽ വ്യക്തമായ ഉദ്ദേശമുണ്ടെന്നും അദ്ദേഹം അറിയിച്ചു. അവരുടെ ഉദ്ദേശമനുസരിച്ചല്ല സർക്കാർ നീങ്ങുന്നതെന്നും പിണറായി വിജയൻ വിശദീകരിച്ചു.

