നാടിന്റെ ഭാവി മുന്നിൽ കണ്ടുകൊണ്ടുള്ള ഇടപെടലുകളാണ് സംസ്ഥാനത്ത് നടക്കുന്നത്; മുഖ്യമന്ത്രി

കോഴിക്കോട്: നാടിന്റെ ഭാവി മുന്നിൽ കണ്ടുകൊണ്ടുള്ള ഇടപെടലുകളാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിനാലൂർ കെ.എസ്.ഐ.ഡി.സി ഇൻഡസ്ട്രിയൽ പാർക്കിൽ ആരംഭിച്ച ക്രേസ് ബിസ്‌ക്കറ്റ്‌സ് ഫുഡ് ഫാക്ടറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യമുള്ള ജനത, മെച്ചപ്പെട്ട കൂലി, ഉന്നത വിദ്യാഭ്യാസം ലഭിച്ച മനുഷ്യ വിഭവശേഷി തുടങ്ങി ഏത് ഘടകം പരിശോധിച്ചാലും രാജ്യത്ത് ഏറ്റവും മുന്നിലാണ് കേരളമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പശ്ചാത്തല സൗകര്യ വികസന പദ്ധതികൾ കൃത്യമായ ദിശാ ബോധത്തോടെയാണ് കേരളം നടപ്പിലാക്കി വരുന്നത്. വ്യവസായ സൗഹൃദ സംസ്ഥാനം എന്ന നിലയിലേക്ക് കൂടുതൽ മുന്നേറ്റം നടത്താനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവാണ് ചടങ്ങിൽ അധ്യക്ഷത വഹിച്ചത്. 1,06,380 സംരംഭങ്ങൾ പുതുതായി കേരളത്തിൽ രജിസ്റ്റർ ചെയ്‌തെന്നും 6,524 കോടിയുടെ നിക്ഷേപവും 2,30,847 തൊഴിലവസരവും ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.

ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ തുടങ്ങിയവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. എം കെ രാഘവൻ എം പി, കെ എം സച്ചിൻ ദേവ് എംഎൽഎ, വ്യവസായ-വിദ്യാഭ്യാസ – റവന്യൂ ( വഖഫ് ) പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം കുട്ടികൃഷ്ണൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ക്രേസ് ബിസ്‌ക്കറ്റ്‌സ് ചെയർമാൻ അബ്ദുൾ അസീസ് ചൊവ്വഞ്ചേരി സ്വാഗതവും ഡയറക്ടർ അലി സിയാൻ കൃതഞ്ജത രേഖപ്പെടുത്തി.

കേരളത്തിലെ ഏറ്റവും വലിയ ഫുഡ് ഫാക്ടറിയാണ് ക്രേസ് ബിസ്‌ക്കറ്റ്‌സ്. ഒരു ലക്ഷത്തിലധികം ചതുരശ്ര അടിയിലാണ് ഇത് ഒരുക്കിയിട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെ പൂർണ്ണ പിന്തുണയോടെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.