‘ഞാന്‍ വിരമിക്കുന്നില്ല, ഒരു ചാമ്ബ്യനായി കളിക്കുന്നത് തുടരാന്‍ ആഗ്രഹിക്കുന്നു’; പ്രഖ്യാപനവുമായി മെസി

അര്‍ജന്റീനയുടെ ലോകകപ്പ് വിജയത്തിന് ശേഷം നിര്‍ണായക പ്രഖ്യാപനവുമായി ലയണല്‍ മെസി. താന്‍ വിരമിക്കുന്നില്ലെന്നും, അര്‍ജന്റീനയുടെ ദേശീയ ടീമിനായി കളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഇല്ല, അര്‍ജന്റീന ദേശീയ ടീമില്‍ നിന്ന് ഞാന്‍ വിരമിക്കുന്നില്ല. ഒരു ചാമ്ബ്യനായി കളിക്കുന്നത് തുടരാന്‍ ആഗ്രഹിക്കുന്നു’- മെസി പറഞ്ഞു. വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ അര്‍ജന്റീന വിജയിക്കുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

അടുത്ത ലോക കപ്പില്‍ താനുണ്ടാകില്ലെന്ന് 35 കാരമായ മെസി പ്രഖ്യാപിച്ചത് ആരാധകരെ സങ്കടത്തിലാഴ്ത്തിയിരുന്നു. എന്നാല്‍ അര്‍ജന്റീനയുടെ ജഴ്സിയില്‍ നിന്ന് അടുത്തെങ്ങും വിരമിക്കുന്നില്ലെന്നും കളി നിര്‍ത്തില്ലെന്നുമാണ് താരം പറയുന്നത്. ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്തുകൊണ്ടാണ് അര്‍ജന്റീന മൂന്നാമത്തെ തവണ കപ്പുയര്‍ത്തിയത്.