‘ഗുജറാത്ത്, ഹിമാചല്‍, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പുകള്‍ ഭാവിയിലേക്കു നല്‍കുന്ന പാഠങ്ങളെപ്പറ്റി ചിന്തിക്കേണ്ട സമയമാണിത്’; തരൂര്‍ എഴുതുന്നു

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഗുജറാത്തിലെ ജനവിധിയ വിനീതമായി സ്വീകരിക്കുന്നു എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. തുടര്‍ച്ചയായി ഏഴാം തവണയാണ് ഗുജറാത്തില്‍ ബിജെപി അധികാരത്തിലെത്തുന്നത്. അതേസമയം, 40 സീറ്റ് നേടി ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് മികച്ച വിജയം കാഴ്ച വെക്കാന്‍ കഴിഞ്ഞു. ഈ അവസരത്തില്‍ ശശി തരൂരിന്റെ അഭിപ്രായമാണ് ശ്രദ്ധേയമാവുന്നത്.

ശശി തരൂര്‍ എഴുതുന്നു

‘ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലും നടന്ന തിരഞ്ഞെടുപ്പുകളെപ്പറ്റി ഏറെ എഴുതപ്പെട്ടുകഴിഞ്ഞു. ഈ തിരഞ്ഞെടുപ്പുകള്‍ ഭാവിയിലേക്കു നല്‍കുന്ന പാഠങ്ങളെപ്പറ്റി ചിന്തിക്കേണ്ട സമയമാണിത്.

ഒന്നാമത്തെ പാഠം ഇതാണ്: ഗുജറാത്തിലൊഴിച്ച് മറ്റെവിടെയും ബിജെപി തോല്‍പിക്കാനാവാത്ത ശക്തിയല്ല. തുടര്‍ച്ചയായ ഏഴാം വിജയത്തിലൂടെ ഗുജറാത്ത് ബിജെപിയുടെ സ്വന്തം തട്ടകമായി മാറിയിരിക്കുന്നു. ‘ഗുജറാത്തി അഭിമാനം’ എന്ന പാര്‍ട്ടിയുടെ സ്വയം ചിത്രീകരണവും സംസ്ഥാനത്തിന്റെ സ്വന്തം പുത്രന്‍ നരേന്ദ്ര മോദിയുടെ നേതൃത്വവും വീണ്ടും വിജയത്തിനു വഴിയൊരുക്കി. മോര്‍ബി പാലം അപകടംപോലെ അഴിമതിയുടെ കറപുരണ്ടതും സര്‍ക്കാരിന്റെ സമ്പൂര്‍ണ പരാജയം ചൂണ്ടിക്കാട്ടുന്നതുമായ സംഭവങ്ങളുണ്ടായിട്ടും അവിടെ ഭരണപക്ഷം 156 സീറ്റുകള്‍ നേടി.

ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ചുള്ള ആംആദ്മി പാര്‍ട്ടിയുടെ സാന്നിധ്യമാണ് ഈ വിജയത്തിനു പിന്നിലെന്ന് ആദ്യം പറയപ്പെട്ട ന്യായവും നിലനില്‍ക്കുന്നതല്ല. രണ്ടു പ്രതിപക്ഷ പാര്‍ട്ടികളുടെ വോട്ടുകള്‍ ഒന്നിച്ചാലും ബിജെപി സുഖമായി 124 സീറ്റുകള്‍ നേടുമായിരുന്നു എന്നാണ് തിരഞ്ഞെടുപ്പു നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അതായത്, പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനത്തു ബിജെപി നിലവില്‍ തോല്‍പിക്കാനാവാത്ത ശക്തിയാണ്. എന്നാല്‍, ഗുജറാത്തിലെ വിജയത്തിനപ്പുറം മറ്റിടങ്ങളില്‍ ബിജെപി നേരിട്ട പരാജയങ്ങള്‍ ശ്രദ്ധിക്കുക. കേരളത്തില്‍ ഉണ്ടായിരുന്നപോലെ പാര്‍ട്ടികളെ ഓരോ തിരഞ്ഞെടുപ്പിലും മാറിമാറി വിജയിപ്പിക്കുന്ന ശീലമുള്ള ഹിമാചലില്‍ ഭരണകക്ഷിയായ ബിജെപിയുടെ ഒരു തന്ത്രത്തിനും കോണ്‍ഗ്രസിന്റെ ജയം തടയാനായില്ല. തങ്ങള്‍ക്ക് അധികാരമുണ്ടായിരുന്ന മൂന്നു മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ ഒന്നാക്കി സുരക്ഷിതജയം തേടിയിറങ്ങിയ കേന്ദ്ര ഭരണകക്ഷി ഡല്‍ഹിയില്‍ തകര്‍ന്നടിഞ്ഞു. നഗരജനതയുടെ പ്രീതി നേടിയ സര്‍ക്കാരിനെ നയിക്കുന്ന ആം ആദ്മി പാര്‍ട്ടിയെ വീഴ്ത്താന്‍ ബിജെപിയുടെ ഒരു തന്ത്രവും ഫലിച്ചില്ല, ദേശീയ ഭരണകക്ഷി അവിടെ രണ്ടാം സ്ഥാനത്തായി. അതായത്, ബിജെപിയുടെ തിരഞ്ഞെടുപ്പു മാജിക്കുകള്‍ക്ക് ഒരു പരിധിയുണ്ടെന്ന് അര്‍ഥം. 2019 മുതല്‍ ബിജെപി തിരഞ്ഞെടുപ്പു നേരിട്ട സംസ്ഥാനങ്ങളില്‍ പകുതിയോളവും അവര്‍ക്കു നഷ്ടമായി.

രണ്ടാമത്തെ പാഠം, രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടി എന്ന സ്ഥാനത്തുനിന്നു കോണ്‍ഗ്രസിനെ എഴുതിത്തള്ളാന്‍ കഴിയില്ല എന്നതാണ്. ഹിമാചല്‍ തിരഞ്ഞെടുപ്പ് ഓര്‍മിപ്പിക്കുന്നത്, ഒന്‍പതു സംസ്ഥാനങ്ങളില്‍ (അസം, പഞ്ചാബ്, ഹരിയാന, ഹിമാചല്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, കര്‍ണാടക) കോണ്‍ഗ്രസ് പ്രധാനശക്തിയാണെന്നാണ്. മിക്കയിടത്തും ബിജെപിക്കു ഗൗരവപൂര്‍ണമായ വെല്ലുവിളി ഉയര്‍ത്തുന്നത് കോണ്‍ഗ്രസാണ്. (മറ്റു സംസ്ഥാനങ്ങളില്‍ ഈ റോള്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കാണ്. എല്‍ഡിഎഫും യുഡിഎഫും നേര്‍ക്കുനേര്‍ പോരാടുന്ന കേരളത്തില്‍ ബിജെപി വിദൂരമായ മൂന്നാം സ്ഥാനത്താണ്). കോണ്‍ഗ്രസ് ശക്തമായ 9 സംസ്ഥാനങ്ങളില്‍ മൊത്തം 155 ലോക്‌സഭാ സീറ്റുകളുണ്ട്. മഹാരാഷ്ട്രയിലെ 48 സീറ്റും (അവിടെ കോണ്‍ഗ്രസ് – എന്‍സിപി- ശിവസേന സഖ്യം ബിജെപിക്കു വെല്ലുവിളിയാണ്) കേരളത്തിലെ 20 സീറ്റും കൂട്ടിയാല്‍ 223 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസാണു ബിജെപിക്കു മറുപടിയായി നില്‍ക്കുന്ന പ്രധാനകക്ഷി. ബിജെപിയെ തോല്‍പിച്ചു സര്‍ക്കാരുണ്ടാക്കാനാണ് ഉദ്ദേശ്യമെങ്കില്‍, രാജ്യത്തെ എല്ലാ പ്രധാന പ്രതിപക്ഷകക്ഷികളും മൂന്നാം മുന്നണിയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കപ്പുറത്ത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസുമായി സഹകരിക്കണം.

മൂന്നാമത്തെ പാഠം, ഗുജറാത്തിലെയും ഹിമാചലിലെയും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനരീതിയാണ്. ഗുജറാത്തില്‍ പാര്‍ട്ടി ഒട്ടും ഉത്സാഹമില്ലാത്ത പ്രചാരണത്തിലായിരുന്നു; ദിശാബോധമില്ലാതെ, പ്രാദേശിക നേതാക്കള്‍ ആരും കൂടെയില്ലാതെ. യുവ ദലിത് നേതാവ് ജിഗ്‌നേഷ് മേവാനിയെപ്പോലെയുള്ളവര്‍ പരാതിപ്പെട്ടത് സംസ്ഥാനം മുഴുവന്‍ പ്രചാരണം നടത്താന്‍ അവരുടെ സേവനം ഉപയോഗിച്ചില്ലെന്നാണ്. 2017ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വലിയ സഹായമായിരുന്ന യുവനേതാക്കളായ ഹാര്‍ദിക് പട്ടേല്‍, അല്‍പേഷ് താക്കൂര്‍ എന്നിവരൊക്കെ ബിജെപി പാളയത്തിലേക്കു ചേക്കേറിയിരുന്നു. ഹിമാചലിലാകട്ടെ, തിരഞ്ഞെടുപ്പു പ്രചാരണം നയിച്ചതു പ്രാദേശിക നേതാക്കളായിരുന്നു. പിന്തുണ നല്‍കി ദേശീയ നേതാക്കളായ പ്രിയങ്ക ഗാന്ധി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ തുടങ്ങിയവരും. യഥാര്‍ഥത്തില്‍ അവിടെ പാര്‍ട്ടിയില്‍ മൂന്നു ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നു: മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യയും പിസിസി പ്രസിഡന്റുമായ പ്രതിഭാ സിങ്ങിന്റെ നേതൃത്വത്തില്‍ ഒന്ന്, മുകേഷ് അഗ്‌നിഹോത്രിയുടെ നേതൃത്വത്തില്‍ മറ്റൊന്ന്, എന്‍എസ്യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും വളര്‍ന്നുവന്ന സുഖ്വിന്ദര്‍ സിങ് സുഖുവിന്റെ നേതൃത്വത്തില്‍ വലിയ ഒന്നും. പക്ഷേ, ആരും പരസ്പരം കാലുവാരിയില്ല. പാര്‍ട്ടിയുടെ വിജയമായിരുന്നു എല്ലാവരുടെയും മുഖ്യലക്ഷ്യം. ഒടുവില്‍, എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവച്ച് ഒറ്റക്കെട്ടായി എല്ലാവരും മുഖ്യമന്ത്രിയായ സുഖുവിനും ഉപമുഖ്യമന്ത്രിയായ അഗ്‌നിഹോത്രിക്കും പിന്നില്‍ അണിചേര്‍ന്നു. പിസിസി പ്രസിഡന്റിന്റെ പുത്രനു കാബിനറ്റ് പദവിയും ഉണ്ടാകും. എംഎല്‍എമാരെ ചാക്കിട്ടുപിടിക്കുന്ന സ്ഥിരം ബിജെപിതന്ത്രം തടയാന്‍പോന്ന ഭൂരിപക്ഷം പാര്‍ട്ടിക്ക് ഉണ്ടുതാനും.

രാഷ്ട്രീയ സംഘടനാശേഷി കുറഞ്ഞവരെന്നും പ്രാദേശിക പ്രതിഭകളെ കണ്ടെത്താന്‍ കഴിയാത്തവരെന്നും ബിജെപിക്കു മുന്നില്‍ പെട്ടെന്നു കീഴടങ്ങുന്നവരെന്നുമൊക്കെയാണ് കോണ്‍ഗ്രസിനെ പലരും വിമര്‍ശിക്കുന്നത്. ഇത്ര വിശാലമായ രാജ്യത്ത് എല്ലാ രാഷ്ട്രീയപ്രവര്‍ത്തകരും ഒരുപോലെ ആയിരിക്കുകയില്ല. കോണ്‍ഗ്രസിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ചിലപ്പോള്‍ ചില സ്ഥലങ്ങളില്‍, ചില കാലത്ത് ശരിയായിരുന്നിരിക്കാം. പക്ഷേ, ഹിമാചലിലെ ഫലം, കോണ്‍ഗ്രസിന് എല്ലാം ശരിയാക്കാന്‍ പറ്റുമെന്നു തെളിയിക്കുന്നു. അടുത്തുവരുന്ന കര്‍ണാടക, മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അതു തുടരുമെന്നു പ്രതീക്ഷിക്കാം. ബിജെപിയുടെ രഥം തടയാന്‍ ഏറ്റവും അടുത്തു ലഭിക്കുന്ന അവസരങ്ങളാണവ.’