ജയ്പൂര്‍: കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര നൂറാം ദിനത്തില്‍. ഇതുവരെ 2798 കിലോമീറ്ററാണ് പിന്നിട്ടത്. 100 ദിനങ്ങള്‍ പിന്നിട്ടതിന്റെ ആഘോഷത്തിന്റെ ഭാഗമായി കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിന്റെ പ്രൊഫൈല്‍ പിക്ചര്‍ ‘യാത്രയുടെ 100 ദിനങ്ങള്‍’ എന്നാക്കി മാറ്റിയിട്ടുണ്ട്.
അതേസമയം, 2024ല്‍ രാഹുല്‍ ഗാന്ധി തന്നെയാണ് കോണ്‍ഗ്രസിന്റെ മുഖമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. ‘പ്രധാനമന്ത്രി പദം ലക്ഷ്യം വച്ചല്ല രാഹുലിന്റെ യാത്ര. ബിജെപി രാഷ്ട്രീയത്തിന്റെ ബദലാകും യാത്ര സമ്മാനിക്കുക. സംഘടനാ തലത്തില്‍ വലിയ ഉണര്‍വ് യാത്ര സമ്മാനിച്ചു. യാത്രയെ പരിഹസിച്ച ബിജെപി ഇപ്പോള്‍ ഭയത്തിലാണ്’- അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൈകിട്ട് ഏഴ് മണിക്ക് രാഹുല്‍ ഗാന്ധി തത്സമയ സംഗീത പരിപാടിയില്‍ പങ്കെടുക്കും. ആല്‍ബര്‍ട്ട് ഹാളില്‍ ആണ് സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. ജയ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന വാര്‍ത്താ സമ്മേളനത്തിന് ശേഷമാണ് രാഹുല്‍ പരിപാടിയില്‍ പങ്കെടുക്കുക. രാജസ്ഥാനില്‍ ജോഡോ യാത്രയുടെ പന്ത്രണ്ടാം ദിവസമാണിന്ന്. ഈ മാസം 21ന് യാത്ര ഹരിയാനയില്‍ പ്രവേശിക്കും.

