പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം; ആമിസോണിനും ഫ്‌ളിപ്പ്കാർട്ടിനും നോട്ടീസ് അയച്ച് വനിതാ കമ്മീഷൻ

ന്യൂഡൽഹി: ഇ കൊമേഴ്‌സ് കമ്പനികൾക്ക് നോട്ടീസയച്ച് ഡൽഹി വനിതാ കമ്മീഷൻ. പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായ സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി. ഫ്‌ളിപ്പ്കാർട്ടിൽ നിന്നാണ് കേസിലെ പ്രതികൾ ആസിഡ് വാങ്ങിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വനിതാ കമ്മീഷൻ ആമിസോണിനും ഫ്‌ളിപ്പ്കാർട്ടിനും നോട്ടീസ് അയച്ചത്. ആമസോണിലും ഫ്‌ളിപ്പ്കാർട്ടിലും ആസിഡ് സുലഭമായി ലഭിക്കുന്നതിനെ നോട്ടീസിൽ ചോദ്യം ചെയ്തിട്ടുണ്ട്.

ആസിഡ് വിൽപ്പനയ്ക്ക് വച്ച കമ്പനിയുടെ പൂർണവിവരങ്ങൾ, ആസിഡ് ഓൺലൈനിൽ വിൽക്കുന്നതിനുള്ള ലൈസൻസിന്റെ പകർപ്പ്, സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് സ്വീകരിച്ച പോളിസിയുടെ പകർപ്പുകൾ, ആസിഡ് വാങ്ങിയ ആളുകളുടെ ഫോട്ടോ, ഐഡി കാർഡ് എന്നിവയും നൽകണമെന്ന് കമ്മീഷൻ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെയാണ് 17കാരിയായ വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം നടന്നത്.

സ്‌കൂളിലേക്ക് പോകുന്ന വഴിയിലാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരാണ് പെൺകുട്ടിയുടെ മുഖത്തേക്ക് ആസിഡ് ഒഴിച്ചത്. മൂന്ന് പേരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതി സച്ചിൻ അറോറ പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നു. പ്രണയാഭ്യർത്ഥന നിരസിച്ചതിനാണ് പെൺകുട്ടിയെ ആക്രമിച്ചതെന്ന് ഇയാൾ പോലീസിന് മൊഴി നൽകി.